വിലങ്ങാടിനും ചൂരൽമലയുടെ പരിഗണന; പുനരധിവാസം വേഗത്തിലാക്കുമെന്ന് റവന്യൂമന്ത്രി
text_fieldsതിരുവനന്തപുരം: ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് നല്കുന്ന അതേ പരിഗണന വിലങ്ങാട്ടെ ഉരുൾദുരന്തബാധിതർക്കും നൽകും. വിലങ്ങാട്ടെ, പുനരധിവാസം ചർച്ച ചെയ്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തിൽ റവന്യൂമന്ത്രി കെ. രാജന് പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ ഇമാജിനേഷന് എന്ന സ്ഥാപനം മുഖേന ലിഡാര്‍ സര്‍വേ നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പ്രദേശങ്ങള്‍ വാസയോഗ്യമാണോയെന്ന് പഠിക്കാൻ കോഴിക്കോട് എന്‍.ഐ.ടിയോട് ആവശ്യപ്പെട്ടു. ജനുവരിയിൽ റിപ്പോർട്ട് ലഭിക്കും.
ദുരന്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന വിളകളെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധ സംഘത്തെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. ഉരുള്‍ പൊട്ടലിനെ തുടർന്ന് പുഴയില്‍ അടിഞ്ഞുകൂടിയ എക്കലും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി രണ്ടു കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കും. ഇതിനായി മേജര്‍ ഇറിഗേഷന്‍ റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കി ജില്ല കലക്ടര്‍ മുഖേന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം.
ദുരന്തത്തില്‍ തകര്‍ന്നവ പുനര്‍നിര്‍മിക്കുന്നതിനുള്ള ഏഴ് പ്രവൃത്തികള്‍ക്കായി 49.60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മൈനര്‍ ഇറിഗേഷന്‍ തയാറാക്കും. എസ്റ്റിമേറ്റ് റവന്യൂ ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറുന്ന മുറക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് തുക അനുവദിക്കും. പുഴയുടെ തകര്‍ന്ന പാര്‍ശ്വഭിത്തികള്‍ പുനര്‍നിര്‍മിക്കുന്നതിന് 3.13 കോടി രൂപയാണ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ കല്ലിന്റെ വിലയായി കണ്ടെത്തിയ 1.19 കോടി രൂപ ഒഴികെയുള്ള തുക തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൽകാനും തീരുമാനമായി.
ധനസഹായം ഉറപ്പുവരുത്തും
ദുരന്തബാധിതരായി വാടക വീടുകളില്‍ താമസിക്കുന്ന 92 കുടുംബങ്ങള്‍ക്ക് നല്കാന് തീരുമാനിച്ച 6000 രൂപ കൃത്യമായി ലഭിക്കുന്നെന്ന് ഉറപ്പുവരുത്തും. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കായുള്ള ധനസഹായത്തിന്റെ ഭാഗമായി ഒരു കുടുംബത്തിലെ മുതിര്‍ന്ന രണ്ടുപേര്‍ക്ക് നല്കാന് തീരുമാനിച്ച 300 രൂപ ദിവസ വേതനം 90 ദിവസത്തേക്ക് പൂര്‍ണമായും ലഭ്യമാക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാര തുക സര്‍ക്കാര്‍ തീരുമാനിക്കുന്നതിനനുസരിച്ച് അതിവേഗം നൽകാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍, എം.എല്‍.എ, തദ്ദേശ സ്ഥാപന അധികാരികള്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കുന്നതിനും യോഗം നിര്‍ദേശം നല്കി.
യോഗത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മന്ത്രി എ.കെ. ശശീന്ദ്രന്, ഇ.കെ. വിജയന് എം.എൽ.എ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, റവന്യൂ സെക്രട്ടറി ടിങ്കു ബിസ്വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

