Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്നം വിളയിച്ച...

അന്നം വിളയിച്ച കര്‍ഷകന്‍റെ ത്യാഗം ആരും മറക്കരുത് -റവന്യു മന്ത്രി

text_fields
bookmark_border
E Chandrasekaran
cancel

കാസർകോട്: കോവിഡ് കാലത്തെ വലിയ പ്രതിന്ധികള്‍ക്കിടയില്‍ പതറാതെ നില്‍ക്കാന്‍ നമുക്ക് സാധിച്ചത് ശാസ്ത്രോന്മുഖതയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും ഭക്ഷ്യഭദ്രത ഉറപ്പാക്കാനും കഴിഞ്ഞതിനാലാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. വിദ്യാനഗർ മുൻസിപ്പൽ സ്‌റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കേരളം ഈ വിഷയത്തില്‍ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. എന്നാല്‍, കൊടിയ രോഗബാധക്കിടയിലും വെയിലിലും മഴയിലും മഞ്ഞിലും പാടത്തിറങ്ങി അന്നം വിളയിച്ച കര്‍ഷകന്‍റെ ത്യാഗവും സേവനവും ആരും മറക്കരുത്. രാജ്യത്തെ ഊട്ടുന്ന കര്‍ഷകരോടുള്ള ആദരവ് കാട്ടാനുള്ള അവസരം കൂടിയാണ് റിപ്പബ്ലിക് ദിനമെന്ന് റവന്യു മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഒരു വര്‍ഷക്കാലം നീണ്ടു നിന്ന കോവിഡ് മഹാമാരിയുടെ ഭീഷണിക്കൊടുവില്‍ പ്രതീക്ഷകള്‍ പകര്‍ന്നു കൊണ്ടാണ് 2021ന്‍റെ പുലരി കടന്നു വന്നത്. അന്ധ വിശ്വാസങ്ങളേയും അബദ്ധ ധാരണകളേയും മൂലയ്ക്കിരുത്തി ശാസ്ത്രവും ശാസ്ത്രജ്ഞരും ഈ പ്രതിസന്ധിക്ക് പരിഹാരം കൊണ്ടുവരുന്നത് നാം കണ്ടു. തീവ്രമായ ശാസ്ത്രീയ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ കോവിഡിനെതിരെയുള്ള വാക്‌സിന്‍ ഉപയോഗത്തിലേക്ക് നാം എത്തിക്കഴിഞ്ഞു. മഹാമാരിയില്‍ ലോകമെങ്ങും മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം ശാസ്ത്രീയ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ശാസ്ത്രകാരന്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഇവര്‍ക്ക് പിന്തുണ നല്‍കിയ ഭരണാധികാരികളെയും മന്ത്രി ആദരവ് അറിയിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അള്‍ട്രാ സെനക്കാ കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തോതില്‍ ഉത്പാദിപ്പിച്ചു വരികയാണ്. ഇന്ത്യക്ക് പുറമേ നിരവധി രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇവിടെ നിന്നും വാക്‌സിന്‍ നല്‍കാന്‍ സാധിക്കുന്നത് രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തുന്നു. പ്രതിസന്ധികള്‍ക്കിടയിലും അഭിമാനം പകരുന്ന മുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുന്‍ഗണന നല്‍കി നടപ്പിലാക്കിയ ശാസ്‌ത്രോന്‍മുഖ വികസന നയമാണ് ഈ പ്രതിസന്ധിക്കാലത്ത് നമ്മെ കാത്തു സൂക്ഷിച്ചതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശാസ്‌ത്രോന്മുഖത ഒരു നാടിന്‍റെ വികസനത്തിന് എത്രത്തേളം അനിവാര്യമാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നതകള്‍ മറന്ന് പോരാടുന്ന ജനങ്ങളുടെ ഐക്യമില്ലാതെ പ്രതിസന്ധികളെ മറികടക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ കാലമാണിത്. ദേശീയ പ്രസ്ഥാനത്തിന്‍റെ അന്തസ്സത്ത മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടന അംഗീകരിച്ച് ഒരു റിപ്പബ്ലിക്കായി ഇന്ത്യ മാറിയതിന്‍റെ വാര്‍ഷിക ദിനം ഭരണഘടനാമൂല്യങ്ങളുടെ ആഘോഷം കൂടിയാണ്. മഹത്തായ ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ പുരോഗതിക്കായി വ്യത്യാസങ്ങള്‍ മറന്ന് നാം ഇന്ത്യക്കാര്‍ ഒരുമിച്ച് മുന്നേറാന്‍ ഈ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ പ്രചോദനമാകുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E ChandrasekaranRevenue MinisterRepublic Day 2021
Next Story