2000 രൂപ കൈക്കൂലി വാങ്ങവെ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
text_fieldsതൃശൂർ: 2000 രൂപ കൈക്കൂലി വാങ്ങവെ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തൃശൂർ കോർപ്പറേഷന്റെ കൂർക്കഞ്ചേരി സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ നാദിർഷയാണ് വിജിലൻസിന്റെ പിടിയിലായത്.
കൂർക്കഞ്ചേരി പനമുക്ക് സ്വദേശിയാണ് പരാതി നൽകിയത്. പരാതിക്കാരന്റെ അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിന് ഇക്കഴിഞ്ഞമാസം 24ന് തൃഷൂർ കോർപറേഷൻ കൂർക്കഞ്ചേരി സോണൽ ഓഫിസിൽ അപേക്ഷ നൽകിയിരുന്നു.
തുടർന്ന് 30 ന് റവന്യൂ ഇൻസ്പെക്ടർ നാദിർഷ സ്ഥല പരിശോധനക്കായി വീട്ടിലെത്തിയപ്പോൾ പരാതിക്കാരൻ സ്ഥലത്തില്ലാത്തതിനാൽ പരാതിക്കാരന്റെ അമ്മ ഓട്ടോ ചാർജ് നൽകി.
തുടർന്ന് മടങ്ങിപ്പോയ നാദിർഷ പരാതിക്കാരനെ ഫോണിൽ വിളിച്ച് ഓട്ടോ ചാർജ് മാത്രം പോരാ എന്നും 2000 കൈക്കൂലി വേണമെന്നും ഇന്ന് ഉച്ചക്ക് ശേഷം ഓഫീസിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി സി.ജി. ജിം പോളിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി.
ഇന്ന് ഉച്ചക്ക് 02:40 ഓടെ കൂർക്കഞ്ചേരി സോണൽ ഓഫീസിൽ വെച്ച് പരാതിക്കാരൻ നിന്നും നാദിർഷ 2000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയാണ് ഉണ്ടായത്. പിടികൂടിയ പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. മന്ത്രി കെ രാജൻ ഇന്നു ഉച്ചക്ക് മൂന്നിന് സർക്കാർ ജീവനക്കാരുടെ സംഘടന നേതാക്കളുമായി ചർച്ച നടത്തുന്നതിന് അൽപം മുമ്പാണ് റവന്യൂ ഉദ്യോഗസ്ഥൻ പിടിയിലായത്. റവന്യു സർവീസിനെ എങ്ങനെ അഴിമതി മുക്തമാക്കാമെന്ന വിഷയത്തിലായിരുന്നു ചർച്ച.