റവന്യൂ പരാതികൾ അറിയിക്കാം; വെബ് പോർട്ടൽ സജ്ജം
text_fieldsതിരുവനന്തപുരം: റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാൻ വെബ് പോർട്ടല്‍ സജ്ജമായി. മന്ത്രി കെ. രാജന്‍ പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. പരാതി നൽകാനും പരിഹരിക്കാനും കാര്യക്ഷമമായ നടപടികൾ റവന്യൂ വകുപ്പ് സ്വീകരിച്ചു വരുകയാണെന്ന് മന്ത്രി പറഞ്ഞു. https://lrd.kerala.gov.in എന്ന പോർട്ടലിൽ പരാതി സമർപ്പിക്കാം.
കംപ്ലയിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജില്ല, ഉദ്യോഗസ്ഥന്റെ കാര്യാലയം എന്നിവ തെരഞ്ഞെടുത്ത് ഉദ്യോഗസ്ഥന്റെ തസ്തിക, പേര്, പരാതിയുടെ വിവരങ്ങൾ എന്നിവ നൽകിയാൽ മതി. എഴുതി തയാറാക്കിയ പരാതിയോ അനുബന്ധ രേഖകള്‍ സ്കാന്‍ ചെയ്തോ പോര്‍ട്ടലില്‍ സമര്‍പ്പിക്കാം. ഉദ്യോഗസ്ഥന്റെ തസ്തിക, പരാതിക്കാധാരമായ ഉദ്യോഗസ്ഥന്റെ പേര് എന്നിവ നൽകാതെയും അപേക്ഷ സമർപ്പിക്കാം. പരാതിക്കാരുടെ പേര് വിവരങ്ങൾ ശേഖരിക്കില്ല.
പോര്‍ട്ടല്‍ വഴി പരാതി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റഫറന്‍സ് ഐഡി ലഭിക്കും. വിവരാവകാശത്തിന് കൊടുക്കാന്‍ പറ്റുന്നതോ ആളുകളുടെ മുന്നില്‍ തുറക്കാന്‍ പറ്റുന്ന പരാതിയോ ആയി ഇവ മാറില്ല. പരാതിയില്‍ അന്വേഷണം നടത്താതെ നടപടിയെടുക്കില്ല. എന്നാല്‍, കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടി കൈക്കൊള്ളും -മന്ത്രി പറഞ്ഞു. അതേസമയം, പ്രാഥമിക അന്വേഷണം കൊണ്ടുമാത്രം നടപടി എടുക്കാന്‍ കഴിയില്ലെന്നും വിശദമായ അന്വേഷണം നടത്തേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആദ്യദിനം കിട്ടിയത് 137 പരാതികൾ
തിരുവനന്തപുരം: ടോള്‍ ഫ്രീ നമ്പറിലൂടെ ആദ്യദിവസം 137 പരാതികള്‍ ലഭിച്ചു. അവ അതത് സ്ഥലങ്ങളില്‍ അന്വേഷിക്കുന്നുണ്ട്. ചിലത് വ്യാജമാണ്. എന്നാല്‍, ഗൗരവമുള്ളവയും ഉണ്ടെന്നും മന്ത്രി കെ. രാജന്‍ വ്യക്തമാക്കി. സൗജന്യ ട്രോൾഫ്രീ നമ്പർ വഴി രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ പരാതി നൽകാം.
ആഗസ്റ്റ് മുതൽ റെക്കോഡിങ് സിസ്റ്റത്തിലൂടെ 24 മണിക്കൂറും ടോള്‍ഫ്രീ പ്രവർത്തിക്കും. 18004255255 എന്ന നമ്പറില്‍ പരാതി അറിയിക്കാം. അപേക്ഷകന്റെ വിവരം സ്വകാര്യമായിരിക്കും. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാൻഡ് റവന്യൂ കമീഷണര്‍ അനുപമ, ലാൻഡ് റവന്യു കമീഷണറേറ്റിലെ ജോയന്റ് കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

