
വരവുചെലവ് സമർപ്പിച്ചില്ല; ഇത്തവണ 109 പേർക്ക് മത്സരിക്കാനാവില്ല
text_fieldsകോഴിക്കോട്: അപരനായും നേരേമ്പാക്കിനും മത്സരിക്കുന്നവരുടെ ശ്രദ്ധക്ക്. തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക നൽകിയാൽമാത്രം പോര. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വരവുചെലവ് കണക്കും കൂടി സമർപ്പിക്കണം. ഇല്ലെങ്കിൽ മൂന്ന് വർഷത്തേക്ക് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനാവില്ല. തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കി വിലക്കേർപ്പെടുത്തും. സംസ്ഥാനത്ത് 2014ലെ ലോക്സഭ, 2016 നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച 109 പേർക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയത്. ഇതിൽ 28 പേർ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളായിരുന്നു. ബാക്കിയുള്ളവർ 2016ലെ നിയമസഭയിലെയും.
വരവു ചെലവ് കണക്കുകൾ സമർപ്പിക്കാനുള്ള തീയതി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനാർഥികൾക്ക് പലവട്ടം നോട്ടീസയച്ചിരുന്നു. പലരും ഹാജരായില്ല. ചിലർ കണക്കുകളില്ലാതെയാണെത്തിയത്. തുടർന്നാണ് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 10 എ വകുപ്പ് പ്രകാരം മൂന്നു വർഷത്തേക്ക് മത്സരവിലക്കേർപ്പെടുത്തിയത്.
നിയമസഭയിലേക്ക് മത്സരിച്ചവരിൽ പട്ടാമ്പിയിലും ഹരിപ്പാട്ടും നാല് പേർക്കാണ് വിലക്ക്. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിെൻറ രണ്ട് അപരന്മാരും ഇതിലുൾപ്പെടും. ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച മമ്പറം ദിവാകരെൻറ അപരൻ ദിവാകരനും കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലയുടെ അപരനായിരുന്ന പള്ളിയിൽ അബ്ദുല്ലയും അരുവിക്കരയിൽ കെ.എസ്. ശബരീനാഥെൻറ അപരനായിരുന്ന ശബരീനാഥും വിലക്കപ്പെട്ടവരാണ്. അപര സ്ഥാനാർഥികളെ രംഗത്തിറക്കുന്ന രാഷ്ട്രീയക്കാർ പിന്നീട് ഇവർക്ക് കൃത്യമായ നിർദേശങ്ങൾ നൽകാത്തതാണ് വിലക്കിന് കാരണമാകുന്നത്.
നിയമസഭയിൽ മത്സരിച്ച്, കണക്ക് സമർപ്പിക്കാത്ത 19 പേർക്ക് അടുത്ത ജൂലൈ 24 വരെയാണ് നിരോധനം. 20 സ്ഥാനാർഥികളുടെ വിലക്ക് 2022ൽ അവസാനിക്കും. 42 പേർക്ക് കഴിഞ്ഞ വർഷമാണ് വിലക്കേർപ്പെടുത്തിയത്. 2023 വരെ തുടരും. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ സ്ഥാനാർഥിയായിരുന്ന ദലിത് നേതാവ് സലീന പ്രക്കാനത്തിന് ഈ വർഷം ജൂലൈവരെ വിലക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
