സോളാർ കേസിന് പിന്നിൽ ഗണേഷ് കുമാറെന്ന് വെളിപ്പെടുത്തൽ
text_fieldsപത്തനാപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ദൈവം പോലും പൊറുക്കാത്ത നിലയിൽ സോളാർ കേസിലെ വിവാദ വനിതയെ കൊണ്ട് ഒാരോന്ന് പറയിച്ചതും എഴുതിച്ചതും കെ.ബി. ഗണേഷ്കുമാറും പി.എയുമാെണന്ന് കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന നേതാവ് ശരണ്യ മനോജ്. യു.ഡി.എഫ് തലവൂർ ഡിവിഷൻ തെരഞ്ഞെടുപ്പ് കൺെവൻഷനിൽ സംസാരിക്കവെയാണ് വെളിപ്പെടുത്തൽ.
സോളാർ വിഷയം ഉണ്ടായപ്പോൾ മുഖ്യപ്രതിയാണെന്നറിഞ്ഞതോടെ രക്ഷിക്കാൻ സരിത തന്നോട് ആവശ്യപ്പെട്ടു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ ഇടപെട്ടയാളാെണന്ന നിലയിലാണ് ഇക്കാര്യം പറയുന്നതെന്ന് ശരണ്യ മനോജ് പറയുന്നു.
കരിക്കിൻവെള്ളംപോലെ പരിശുദ്ധനായ ഉമ്മൻ ചാണ്ടിയെ ഇൗ കേസിനെ തുടർന്ന് കേരളത്തിലെമ്പാടും ഡി.വൈ.എഫ്.ഐക്കാർ കല്ലെറിഞ്ഞു. കണ്ണൂരിൽ വെച്ച് കല്ലേറുകൊണ്ട് നെഞ്ചിന് പരിക്കേറ്റു. ഇത്രയൊക്കെയായിട്ടും ഇതിെൻറ രഹസ്യം പുറത്തുപറയാൻ അദ്ദേഹം കൂട്ടാക്കിയിട്ടില്ല. കഴിഞ്ഞയാഴ്ച ഉമ്മൻ ചാണ്ടിയെ കണ്ടപ്പോഴും ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി. ഇതിനുപിന്നിൽ പ്രവർത്തിച്ച ഗണേഷ്കുമാറിനോട് ദൈവം എന്നെങ്കിലും ചോദിക്കുമെന്നും മനോജ് പറഞ്ഞു. വനിതയുടെ മൊഴി നിരന്തരം മാറ്റിച്ചതിനും ഉമ്മൻ ചാണ്ടിയുടെ പേര് വരുത്തിച്ചതിനും പിറകിൽ ഗണേഷ്കുമാറാണ്.
ഉമ്മൻ ചാണ്ടിയോടുള്ള വൈരാഗ്യമാണിതിന് പിറകിലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടും ആവർത്തിച്ചു. അടുത്തിടെ കോൺഗ്രസിൽ ചേർന്ന ശരണ്യ മനോജ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ തലവൂർ ഡിവിഷൻ രക്ഷാധികാരിയാണ്.