കാടിറങ്ങി നാട്ടിലേക്ക്; പെൺ കടുവയുടെ ‘മംഗള’ യാത്ര വൈകില്ല
text_fieldsതേക്കടിയിലെ മംഗളയെന്ന കടുവ അന്നും ഇന്നും
കുമളി: പെരിയാർ കടുവ സങ്കേതത്തിന്റെ തണലിൽ നിന്നും പൂര നഗരിയായ തൃശൂരിലേക്ക് ‘മംഗള’യെന്ന കടുവയുടെ യാത്ര വൈകാതെ ഉണ്ടാകുമെന്ന് അധികൃതർ. ദേശീയ കടുവ സംരക്ഷണ അതോറിറ്റി അധികൃതർ കാടിറങ്ങാൻ പച്ചക്കൊടി വീശിയതോടെയാണ് തേക്കടിയിൽ നിന്നും തൃശൂരിലേക്ക് കടുവയെ മാറ്റാൻ സംസ്ഥാന വനം വകുപ്പ് മേധാവി പ്രമോദ്.ജി. കൃഷ്ണൻ ശനിയാഴ്ച ഉത്തരവിട്ടത്.
പെരിയാർ കടുവ സങ്കേതത്തിലെ മംഗളാദേവി മലയടിവാരത്തിൽ നിന്നും 2020 നവംമ്പർ 23നാണ് രണ്ടു മാസം മാത്രം പ്രായമുള്ള പെൺകടുവക്കുഞ്ഞിനെ വനപാലകർക്ക് ലഭിച്ചത്. അമ്മക്കടുവക്കായുള്ള കാത്തിരിപ്പ് വിഫലമായതോടെ കുഞ്ഞു കടുവയെ സംരക്ഷിക്കുകയെന്ന ഏറെ ശ്രമകരമായ ജോലി വനപാലകർ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്ത് തന്നെ ആദ്യമായി ഒരു കടുവ സങ്കേതത്തിനുള്ളിൽ 2.78 ഹെക്ടർ പ്രത്യേകമായ സ്ഥലം ‘മംഗള’യെന്ന് പേരിട്ട കുഞ്ഞു കടുവക്കു വേണ്ടി ഒരുക്കി.
കുട്ടൻ, റോയി എന്നിവരായിരുന്ന മംഗളയുടെ പരിപാലകർ. പാൽ കുടിക്കുന്ന പ്രായം വിട്ട് മാംസാഹാരത്തിലേക്ക് എത്തിയതോടെ ദിവസവും 3 മുതൽ 5 കിലോ വരെ ഇറച്ചി ഇവർ കടുവക്ക് എത്തിച്ചു നൽകിയിരുന്നു. ജന്മനാ കണ്ണിനുണ്ടായ വൈകല്യങ്ങൾ പരിഹരിക്കാൻ വിദേശത്തു നിന്നും മരുന്ന് എത്തിച്ച് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സയും നടത്തി.
ആരോഗ്യവതിയായി പൂർണ വളർച്ചയെത്തുന്നതോടെ പെരിയാർ വനമേഖലയിൽ തുറന്നു വിടാനായിരുന്നു പദ്ധതി. പക്ഷെ, മനുഷ്യരുമായി ഇടപഴകിയതിനാൽ കടുവ മനുഷ്യ സാമീപ്യം തേടി കാടിറങ്ങാനുള്ള സാധ്യതയും, കണ്ണിന്റെ വൈകല്യം ഇര തേടുന്നതിന് തടസ്സമായേക്കും എന്നതുമാണ് മംഗളയെ തൃശൂരിലെ പുത്തൂർ മൃഗശാലയിലേക്ക് മാറ്റാൻ കാരണം. മംഗളയെ മയക്കി കൂട്ടിലാക്കിയ ശേഷം വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെയായിരിക്കും തേക്കടിയിൽ നിന്നും തൃശൂരിലേക്ക് കൊണ്ടുപോവുകയെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

