Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഈ ശീലങ്ങൾ തുടരാം; നാം...

‘ഈ ശീലങ്ങൾ തുടരാം; നാം അതിജീവിക്കുക തന്നെ ചെയ്യും’

text_fields
bookmark_border
‘ഈ ശീലങ്ങൾ തുടരാം; നാം അതിജീവിക്കുക തന്നെ ചെയ്യും’
cancel

കോവിഡിനെതിരായ കേരളത്തിന്‍റെ പ്രതിരോധം ഫലപ്രദമെന്ന് കഴിഞ്ഞദിവസം ബഹ്റൈനിൽ നിന്ന് മടങ്ങിയെത്തി‍യ പ്രവാസി ഫർഹത്തുറഹ്മാൻ പാഴൂർ.  വൈറസിനെതിരെ ശീലിച്ച മുൻ കരുതലുകൾ ജീവിതചര്യയുടെ ഭാഗമാക്കി സാധാരണ ജീവിതത്തിലേക്ക് നാം തിരിച്ചു വരണം. ദൈവാനുഗ്രഹത്താൽ ലോകം ഈ മഹാമാരിയെയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് മേയ് 11ന് നാട്ടിലേക്ക് യാത്രക്കൊരുങ്ങാനുളള ഫോൺ വന്നശേഷം തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നു. ഇടക്ക് ഖത്തറിൽ നിന്നുളള വിമാനം റദ്ദാക്കിയെന്ന വാർത്ത ആശങ്കയുണ്ടാക്കി. ഒടുവിൽ യാത്ര ദിവസം നിർദേശിച്ച സമയത്ത് തന്നെ എയർപോർട്ടിലെത്തി. അവിടെ എല്ലാം ചെയ്യാൻ സഹായഹസ്തവുമായി വിവിധ സംഘടനകളുടെ വളണ്ടിയർമാർ സജീവമായിരുന്നു. ഭക്ഷണ കിറ്റ്, മാസ്ക്, കൈയുറകൾ എല്ലാം അവർ വിതരണം ചെയ്തു. 

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ IX 474 ഒന്നര മണിക്കൂറിലധികം വൈകിയാണ് ബഹ്റൈൻ എയർപോർട്ടിൽ നിന്നും പുറപ്പെട്ടത്. വിമാനത്തിലോ ബഹ്റൈൻ വിമാനത്താവളത്തിലോ താപനില അടക്കം കോവിഡ് പരിശോധനകളൊന്നും ഉണ്ടായിരുന്നില്ല. വിമാനത്തിന്‍റെ ഡോറിനരികിൽ സാനിറ്റൈസർ ഒഴിച്ച് തന്നത് മാത്രമായിരുന്നു ഇതിനൊരു അപവാദം. വിമാനത്തിനകത്ത് പിന്നിലായി ഏതാനും സീറ്റുകൾ ഒഴിച്ചിട്ടതൊഴികെ സോഷ്യൽ ഡിസ്റ്റൻസിങ് തീരെയില്ലായിരുന്നു. 12ന് രാത്രി 12.45ഒാടെ ഞങ്ങൾ കോഴിക്കോട് വിമാനത്താവളത്തിലെത്തി. 

എന്നാൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതുമുതൽ യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തുടർന്ന് യാത്രക്കാരുടെ താപനില പരിശോധിച്ച് കോവിഡ് ബോധവത്കരണ ക്ലാസിലേക്ക് ആനയിച്ചു. 10 മിനിറ്റ് ക്ലാസിനും സംശയനിവാരണത്തിനും ശേഷം രജിസ്ട്രേഷൻ കൗണ്ടറിലേക്കുളള വരിയിലേക്ക്. വിവിധ ജില്ലക്കാർക്ക് വ്യത്യസ്ത കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. രജിസ്ട്രേഷന് ശേഷം എമിഗ്രഷനും കഴിഞ്ഞ് നേരെ ഉദ്യോഗസഥരുടെ സഹായത്തോടെ ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് പോവാൻ തയാറാക്കി നിർത്തിയ വാഹനത്തിൽ കയറി. ക്ഷമയോടെയുളള കാത്തിരിപ്പിന് ശേഷം പൊലീസ് അകമ്പടിയോടെ ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക്.

രാത്രി മൂന്നോടുകൂടി ക്വാറന്‍റീൻ കേന്ദ്രത്തിലെത്തിയ ഞങ്ങൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മുറിയിലേക്ക് പ്രവേശിച്ചു. സാധാരണയിൽ കവിഞ്ഞ  നടപടിക്രമങ്ങളിലൂടെ കടന്ന് വരാൻ വിധിക്കപ്പെട്ട യാത്രക്കാർ പലരും വൈറസ് ബാധ പേടിച്ച് യാത്രക്കിടയിൽ ശരിയായി ഭക്ഷണം കഴിക്കുകയോ ശുചിമുറി ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ മുറിയിലെത്തിയ പലർക്കും നിരാശയായിരുന്നു ഫലം. വൃത്തിഹീനമായിരുന്നു മുറിയും ശുചിമുറിയും. ഇക്കാര്യം അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് വൈകിയാണങ്കിലും ഉയർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ടതോടെ പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞു.

ക്വാറന്‍റീൻ മുറിയിൽ മറ്റു അവശ്യ സാധനങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. ഭക്ഷണം സമയത്തിന് തന്നെ ലഭിച്ചു. മുറിയുടെ വൃത്തിയില്ലായ്മ ശ്രദ്ധയിൽപ്പെടുത്തിയതിനാൽ ഞാനും മറ്റൊരു കുടുംബവും അധികൃതരുടെ  നിയന്ത്രണത്തിൽ പെയ്ഡ് ക്വാറന്‍റീനിലേക്ക് മാറി. ആ മുറി മികച്ചതായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ രണ്ട് വളണ്ടിയർമാരെ ഞങ്ങളെ സഹായിക്കാൻ ഇവിടെ നിയോഗിച്ചിരുന്നു. ഭക്ഷണമടക്കം അവശ്യ സാധനങ്ങൾ പുറത്തെ കടകളിലേക്ക് ഓർഡർ ചെയ്താൽ താമസ സ്ഥലത്തെ റിസപ്ഷൻ വരെ ഡെലിവറി ഉണ്ടാകും. തുടർന്ന് വളണ്ടിയർമാരായിക്കണം സുരക്ഷാമാനദണ്ഡങ്ങളോടെ കിറ്റുകൾ റൂമുകളിലേക്കെത്തിക്കേണ്ടതും പണം നൽകേണ്ടതും. സമ്പർക്കം പരമാവധി ഒഴിവാക്കാൻ ഓൺലൈൻ പെയ്മെന്‍റിനും പ്രാമുഖ്യം നൽകി. 

ക്വാറന്‍റീൻ റൂമിലേക്ക് പ്രവേശിച്ചാൽ ആരോഗ്യ സുരക്ഷ പരിഗണിച്ച് സന്ദർശകർക്ക് കർശന വിലക്കാണ്. പൊതുസമൂഹത്തിന്‍റെ നന്മക്കായുള്ള ഈ കരുതൽ അഭിനന്ദനാർഹമാണ്. മാത്രമല്ല, യാത്രക്കാർ റൂമിലേക്ക് കയറി കഴിഞ്ഞാൽ സർക്കാർ നിർദ്ദേശിച്ച ക്വാറന്‍റീൻ ദിവസങ്ങൾ കഴിയും വരെ ഒരു കാരണവശാലും പുറത്തിറങ്ങാനും പാടില്ല. അതുകൊണ്ട് സുരക്ഷ പരിഗണിച്ച് വീട്ടുകാരെയും കൂട്ടുകാരെയുമെല്ലാം ഈ കാര്യം മുൻകൂട്ടി ധരിപ്പിച്ചിരുന്നു.

ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നും ദിനേനയെന്നോണം സുഖവിവരമന്വേഷിച്ചും, സഹായിത്തിന് വേണ്ടി വിളിക്കാൻ മടിക്കരുതെന്ന് ഓർമപ്പെടുത്തിയും സ്വദേശത്തുനിന്നും വിദേശത്തുനിന്നും വന്ന നിരവധി ഫോൺ കോളുകൾ ഏറെ സന്തോഷം പകർന്നു. ലോക്ഡൗൺ കാലത്ത് വിദേശത്തു നിന്നും  വിളിപ്പുറത്തെത്തിയല്ലോ എന്ന സമാധാനത്തിലായിരുന്നു വീട്ടുകാർ.

പുറംലോകവുമായി ബന്ധമില്ലാത്ത ഈ ക്വാന്‍റീൻ ദിവസങ്ങളിൽ പകലുകളുടെ ദൈർഘ്യം കുറക്കാൻ സഹായിക്കുന്നത്  ഇന്‍റർനെറ്റ് സൗകര്യമുളള സ്മാർട്ട്ഫോണാണ്. സൂം അടക്കം സൗകര്യങ്ങൾ ഉപയോഗിച്ച് മീറ്റിങ്ങുകളും ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ഇതുവഴി കൈകാര്യം ചെയ്യാൻ കഴിയും എന്നത് ചെറിയ കാര്യമല്ല. ടി.വി ഉള്ളതിനാൽ നാട്ടിലെയും മറുനാട്ടിലെയും കോവിഡ് വാർത്തകൾ അറിയാനും കഴിഞ്ഞു. വായനക്കായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഏറ്റവും നല്ല സമയമാണിത്. സഹോദരൻ ഏതാനും പുസ്തകങ്ങളുടെ ഓൺലൈൻ ലിങ്കുകൾ അയച്ചു തന്നു. 

ജനം ലോക്ഡൗൺ ജീവിതവുമായി പൊരുത്തപെട്ട് തുടങ്ങിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് പോലെ വൈറസ് കുറച്ച് കാലം നമ്മുടെ കൂടെ തന്നെ ഉണ്ടാകുമെന്ന സത്യം മനസിലാക്കണം. വൈറസിനെതിരെ ശീലിച്ച മുൻ കരുതലുകൾ ജീവിതചര്യയുടെ ഭാഗമാക്കി സാധാരണ ജീവിതത്തിലേക്ക് നാം തിരിച്ചു വരണം. ദൈവാനുഗ്രഹത്താൽ ലോകം ഈ മഹാമാരിയെയും അതിജീവിക്കും, തീർച്ച...

-ഫർഹത്തുറഹ്മാൻ പാഴൂർ​

                                                       

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsquarantinePravasi Return
News Summary - Return Pravasi on Kerala Quarantine Days-Kerala News
Next Story