വിവാഹ ആഭരണത്തിന് തെളിവില്ലാത്തത് വിവാഹമോചന സമയത്ത് നീതിനിഷേധത്തിന് കാരണമാവരുത്; രേഖമൂലമുള്ള തെളിവുകൾ വേണ്ടതില്ല -ഹൈകോടതി
text_fieldsകൊച്ചി: വിവാഹസമയത്ത് സ്ത്രീകൾക്ക് നൽകുന്ന സ്വർണാഭരണത്തിന് രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തത് നീതിനിഷേധത്തിന് കാരണമാവരുതെന്ന് ഹൈകോടതി. ഇത്തരം ആഭരണങ്ങളുടെ കൈമാറലുകൾക്ക് സ്വകാര്യ സ്വഭാവമുള്ളതിനാൽ സ്ത്രീകൾക്ക് തെളിവുകൾ ഹാജരാക്കാനാവാത്ത അവസ്ഥയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ നിരീക്ഷണം.
സത്യം തിരിച്ചറിയാവുന്ന സന്ദർഭത്തിൽ രേഖമൂലമുള്ള ശക്തമായ മറ്റ് തെളിവുകൾ വേണ്ടതില്ലെന്ന തത്ത്വം ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് ഈ സാഹചര്യങ്ങളിൽ കോടതികളിൽനിന്നുണ്ടാകേണ്ടത്. സാധ്യത വിലയിരുത്തി അതിൽ മുൻതൂക്കം പരിഗണിച്ച് വേണം തീരുമാനമെടുക്കാനെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ഭർത്താവുമായി പിരിഞ്ഞതിനെത്തുടർന്ന് വിവാഹസമയത്ത് തനിക്ക് തന്ന സ്വർണാഭരണങ്ങളും വീട്ടുസാധനങ്ങളും തിരികെ നൽകണമെന്ന ആവശ്യം എറണാകുളം കുടുംബകോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശിനി നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്. വിവാഹസമയത്ത് ഹരജിക്കാരിക്ക് മാതാപിതാക്കളും ബന്ധുക്കളുമടക്കം 71 പവൻ സ്വർണാഭരണങ്ങൾ നൽകിയെന്നായിരുന്നു വാദം. എന്നാൽ, ഈ ആഭരണങ്ങൾ ഗർഭിണിയായ സമയത്ത് ഹരജിക്കാരി തിരികെ കൊണ്ടുപോയെന്ന ഭർത്താവിന്‍റെ വാദം ശരിവെച്ചാണ് കുടുംബ കോടതി ഉത്തരവുണ്ടായത്. തന്‍റെ സ്വർണാഭരണങ്ങൾ ഭർതൃവീട്ടുകാർ വിട്ടുതന്നിട്ടില്ലെന്ന് തെളിയിക്കാൻ ഹരജിക്കാരിക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
വിവാഹസമയത്ത് പെൺകുട്ടികൾക്ക് കൊടുത്തയക്കുന്ന സ്വർണാഭരണങ്ങൾ ഭർത്താക്കന്മാരും ബന്ധുക്കളും ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകൾ നിലവിലുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
ഗാർഹിക പീഡനക്കേസുകളും സ്ത്രീധന പീഡനക്കേസുകളും വരുമ്പോഴാണ് ആഭരണങ്ങൾ തിരികെ തരുന്നില്ലെന്ന വിവരം സ്ത്രീകൾ പറയുക. എന്നാൽ, ഉടമസ്ഥാവകാശം തെളിയിക്കൽ ബുദ്ധിമുട്ടാണ്. ഇത്തരം സാഹചര്യത്തിൽ ക്രിമിനൽ കേസിലെപ്പോലെ വ്യക്തമായ തെളിവുകൾ ആവശ്യപ്പെടാനാവില്ലെന്ന വസ്തുത ബന്ധപ്പെട്ട കോടതികൾ മനസ്സിലാക്കണമെന്നും വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.
വിവാഹസമയത്ത് നൽകിയ സ്വർണാഭരണവുമായി ബന്ധപ്പെട്ട് ഹരജിക്കാരി നൽകിയ വിശദീകരണം തന്നെ പിതാവും നൽകി. സാമ്പത്തികമായി മെച്ചമായ അവസ്ഥയിലായതിനാൽ 65 പവൻ നൽകാനുള്ള ശേഷി മാതാപിതാക്കൾക്കുള്ളതായും ഇത്രയും സ്വർണാഭരണങ്ങൾ നൽകിയെന്ന ഇരുവരുടെയും വാദം തള്ളേണ്ടതില്ലെന്നും കോടതി വിലയിരുത്തി. മാത്രമല്ല, സ്വർണം തിരികെ സ്വന്തം വീട്ടിലേക്ക് ഹരജിക്കാരി കൊണ്ടുപോയി എന്ന ഭർത്താവിന്‍റെ വാദം വിശ്വസനീയവുമല്ല. പിതാവ് 59.5 പവൻ സ്വർണം വിവാഹ സമയത്ത് നൽകിയെന്നത് ജ്വല്ലറിയുടെയും മറ്റും വിശദാംശങ്ങളിൽനിന്ന് വ്യക്തമാണ്. അതിനാൽ, ഇത്രയും സ്വർണാഭരണങ്ങളോ വിപണി മൂല്യത്തിനൊത്ത തുകയോ ഹരജിക്കാരിക്ക് നൽകണമെന്ന് ഭർത്താവിനോട് കോടതി നിർദേശിച്ചു.
അതേസമയം, വീട്ടുസാധനങ്ങൾ സംബന്ധിച്ച വിശ്വസനീയമായ തെളിവുകളൊന്നും നൽകാനാവാത്തതിനാൽ ഭർതൃവീട്ടുകാർ ദുരുപയോഗം ചെയ്തെന്ന വാദവും തിരിച്ചുനൽകണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

