കുടുംബസുഹൃത്ത് തടവിലാക്കിയ ഭാര്യയെ മോചിപ്പിക്കണം; ഹൈകോടതിയിൽ ഹരജി നൽകി തമിഴ്നാട് റിട്ട. ഉദ്യോഗസ്ഥൻ
text_fieldsഹൈകോടതി
കൊച്ചി: കുടുംബസുഹൃത്ത് തടവിലാക്കിയ ഭാര്യയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി സമർപ്പിച്ചു. ഗ്വാളിയർ സ്വദേശിനി ശ്രദ്ധ ലെനിനെ (44) മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവൻ തടങ്കലിൽ വെച്ചിരിക്കുകയാണെന്നാണ് ഹരജി.
വിഷയം ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ബെഞ്ച്, അടിയന്തരമായി യുവതിയെ കണ്ടെത്താൻ പൊലീസിന് നിർദേശം നൽകി.
ഭാര്യ ഇടക്കിടെ കേരളത്തിൽ വരാറുണ്ടെന്നും കുടുംബസുഹൃത്തായ ജോസഫിനൊപ്പമാണ് താമസിക്കാറെന്നും ഹരജിയിൽ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിൽവെച്ചാണ് ഭാര്യയെ അവസാനം കണ്ടത്. മേയ് 17ന് വാട്സ്ആപ് ചാറ്റും നിലച്ചു. ജൂൺ ആദ്യം അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ജി.എം. റാവു, കന്യാസ്ത്രീയെന്നു പറയുന്ന സോഫിയ എന്നിവർ ഫോണിൽ ബന്ധപ്പെട്ട് ഭാര്യ മരിച്ചെന്ന് അറിയിച്ചു. ഏതോ സംസ്കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അയച്ചു. ശ്രദ്ധയുടെ പേരിലുള്ള രണ്ടരക്കോടിയുടെ സ്വത്ത് വിൽക്കുന്നതിന് തന്നെ ചുമതലപ്പെടുത്തിയതായും പറഞ്ഞു. എന്നാൽ, ഭാര്യ അന്യായ തടങ്കലിലാണെന്നാണ് സംശയിക്കുന്നതെന്നും ജോസഫും കൂട്ടരും തന്റെ പക്കൽനിന്ന് പല കാരണങ്ങൾ പറഞ്ഞ് മുമ്പും പണം പിടുങ്ങിയിട്ടുണ്ടെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. കൊച്ചി കമീഷണർക്കും സെൻട്രൽ പൊലീസിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
ഹരജി പരിഗണിച്ച കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നതിനെക്കുറിച്ച് സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. അന്വേഷണം പൂർത്തിയാക്കാൻ നിലവിലുള്ള സംഘത്തിന് അവസരം നൽകണമെന്നാണ് സർക്കാർ വിശദീകരിച്ചത്. ഹരജി നാളെ വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

