ഉയിർത്തെഴുന്നേൽപ്പ്; മൂന്നാമൂഴത്തിന് മധുരമേറെ
text_fieldsകണ്ണൂർ: ഒരുവേള 'കൊടിയിറക്കം' എല്ലാവരും ഉറപ്പിച്ചതാണ്. അവിടെ നിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ്. അതുകൊണ്ട് മൂന്നാമൂഴത്തിന് മധുരമേറെ. സി.പി.എം സെക്രട്ടറി സ്ഥാനത്ത് രണ്ടാമൂഴം കോടിയേരിക്ക് പരീക്ഷണങ്ങളുടേതായിരുന്നു. അർബുദം ശരീരം തളർത്തി. മക്കൾക്കെതിരായ കേസും അവരുടെ ജയിൽവാസവും മനസ്സും തളർത്തിയപ്പോഴാണ് അവധിയെടുത്തത്.
വീട്ടിലെ പ്രശ്നങ്ങൾ പാർട്ടിക്ക് പാരയാകാതിരിക്കാനുള്ള കരുതൽ. അപ്പോഴും അണിയറയിൽ സജീവമായി. ചരിത്രം കുറിച്ച തുടർഭരണ നേട്ടത്തിലും കോടിയേരിയുടെ പങ്ക് വലുതാണ്. ആരോഗ്യനില മെച്ചപ്പെടുകയും മകൻ ജയിൽ മോചിതനാവുകയും ചെയ്തതോടെ അമരത്ത് തിരിച്ചെത്തി. സ്വമേധയാ മാറിനിന്ന് പാർട്ടിയെ കാത്ത സൂക്ഷ്മതയും കൂറും തിരിച്ചറിഞ്ഞ് പാർട്ടി നൽകിയ അവസരം കൂടിയാണ് മൂന്നാമൂഴം.
മറ്റൊരു ഘടകം പിണറായിക്കും കോടിയേരിക്കുമിടയിലെ ആത്മബന്ധമാണ്. സെക്രട്ടറിയായി കോടിയേരിയുടെ പേര് നിർദേശിച്ചത് പിണറായിയാണ്. തലശ്ശേരിയിൽ അകലെയല്ലാതെ കിടക്കുന്ന രണ്ടു ഗ്രാമങ്ങളായ പിണറായിക്കും കോടിയേരിക്കുമിടയിൽ അധികം ദൂരമില്ല. വിജയനും ബാലകൃഷ്ണനും തമ്മിലാകുമ്പോൾ അകലം ഒട്ടുമില്ല.
വിദ്യാർഥി കാലം മുതൽ പിണറായി വിജയന്റെ പിൻഗാമിയാണ് കോടിയേരി ബാലകൃഷ്ണൻ. വിദ്യാർഥി കാലത്ത് ഓണിയൻ സ്കൂളിൽ അന്നത്തെ ഇടതുവിദ്യാർഥി സംഘടന കെ.എസ്.എഫിന്റെ ഭാരവാഹിയാകുമ്പോൾ കോടിയേരി ബാലകൃഷ്ണന്റെ നേതാവ് പിണറായി വിജയനാണ്. ഇന്നും അങ്ങനെ തന്നെ. വി.എസ് വെല്ലുവിളിച്ചുനിന്ന കാലത്തും പിണറായിക്കൊപ്പം പാറപോലെ നിന്നു കോടിയേരി. 37-ാം വയസ്സിൽ ജില്ല സെക്രട്ടറി. 42ാം വയസ്സിൽ സംസ്ഥാന സെക്രട്ടറിയറ്റിലും 49ൽ പോളിറ്റ് ബ്യൂറോയിലുമെത്തി. 2015ൽ സംസ്ഥാന സെക്രട്ടറി പദവിയിൽ പിണറായിക്ക് പിൻഗാമിയായത് കോടിയേരിയാണ്.
1953ൽ എൽ.പി സ്കൂൾ അധ്യാപകൻ കുഞ്ഞുണ്ണിക്കുറുപ്പിന്റെ മകനായാണ് ജനനം. 20-ാം വയസ്സിൽ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി. '80-82കാലത്ത് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി. 1990ൽ സി.പി.എം ജില്ല സെക്രട്ടറി. '95ൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ. 2002ൽ കേന്ദ്രകമ്മിറ്റിയിലെത്തി. 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ പോളിറ്റ് ബ്യൂറോയിൽ. 1982, 87, 2001, 2006, 2011 വർഷങ്ങളിൽ നിയമസഭാംഗം. വി.എസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.
2015 ആലപ്പുഴ സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായത്. 2018 തൃശൂരിൽ രണ്ടാമതും ഇക്കുറി മൂന്നാമതും പാർട്ടിയുടെ അമരത്തെത്തി. പിണറായിയുടെ നിഴലായി നിൽക്കുമ്പോഴും പെരുമാറ്റം നേർവിപരീതമാണ്. കാർക്കശ്യമല്ല, സൗമ്യതയാണ് മുഖമുദ്ര. പറയത്തക്ക ശത്രുക്കളായി പാർട്ടിയിലും പുറത്തും ആരുമില്ല. അതുകൊണ്ടാണ് മക്കൾ വില്ലന്മാരായപ്പോഴും മുമ്പ് ആർക്കും നേരിട്ടിട്ടില്ലാത്ത പരീക്ഷണങ്ങളും കടന്ന് പരിക്കില്ലാതെ തിരിച്ചുവരാൻ കോടിയേരിക്ക് കഴിഞ്ഞത്.
അടിമുടി മാറാനൊരുങ്ങുകയാണ് സി.പി.എം. എറണാകുളം സമ്മേളനം പാസാക്കിയ നയരേഖയുടെ ഉള്ളടക്കം അതാണ്. പുതിയ പാർട്ടി നയത്തിനുള്ള ചുവടുകളിലേക്ക് പാർട്ടിയെ നയിക്കാനുള്ള ചുമതലയാണ് കോടിയേരിക്ക് മുന്നിലുള്ളത്. പിണറായിക്ക് പിറകിൽ കോടിയേരിയും ചേർന്നാൽ ഇന്ന് സി.പി.എമ്മിൽ എതിർവാക്കില്ല. അതിന്റെ ബലത്തിലാണ് പാർട്ടിയെ നയം മാറ്റത്തിലേക്ക് പിണറായി നയിക്കുന്നത്.