നാട്ടിലേക്ക് പണം അയക്കാൻ നിയന്ത്രണം; മാലദ്വീപിലെ പ്രവാസികൾ പ്രതിസന്ധിയിൽ
text_fieldsകൊച്ചി: നാട്ടിലേക്ക് പണം അയക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കുരുങ്ങി മാലദ്വീപിലെ ഇന്ത്യൻ പ്രവാസികൾ. പ്രതിമാസം നാട്ടിലേക്ക് അയക്കാവുന്ന പണത്തിന്റെ പരിധി 150 ഡോളറായി (ഏകദേശം 13,000 രൂപ) കുറച്ചതോടെ അധ്യാപകരും ഡോക്ടർമാരും നഴ്സുമാരും ലാബ് ടെക്നീഷ്യന്മാരും തൊഴിലാളികളും ഉൾപ്പെടെ മലദ്വീപിൽ ജോലി ചെയ്യുന്ന ആറായിരത്തോളം ഇന്ത്യൻ പ്രവാസികൾ ഗുരുതര പ്രതിസന്ധി നേരിടുകയാണ്.
മാലദ്വീപിലെ ഭൂരിഭാഗം പ്രവാസികളും പണമിടപാടുകൾക്കായി ആശ്രയിക്കുന്നത് അവിടുത്തെ എസ്.ബി.ഐയെ ആണ്. എന്നാൽ, പ്രവാസികൾക്ക് ഒരു മാസം നാട്ടിലേക്ക് അയക്കാവുന്ന പണത്തിന്റെ പരിധി ബാങ്ക് ആദ്യം 500 ഡോളറായും പിന്നീട് 400 ആയും ഇപ്പോൾ 150 ആയും കുറക്കുകയായിരുന്നു. ബാക്കി വരുന്ന വലിയൊരു തുക നാട്ടിലേക്ക് അയക്കാൻ പ്രവാസികൾ ബ്ലാക്ക് മാർക്കറ്റ് ഏജന്റുമാരെ ആശ്രയിക്കാൻ നിർബന്ധിതരാകുകയാണ്. ഏജന്‍റുമാർ വഴി അയക്കുമ്പോൾ ഭീമമായ നഷ്ടം സംഭവിക്കുന്നതായി പ്രവാസികൾ പറയുന്നു.
10,000 മാൽദീവിയൻ റുഫിയ (എം.വി.ആർ) അയക്കുമ്പോൾ 12,000 രൂപയിലധികമാണ് നഷ്ടം. ബാങ്ക് വഴിയും ഏജന്‍റ് വഴിയും അയക്കുമ്പോഴുള്ള വിനിമയ നിരക്കുകളിലെ അന്തരമാണ് പ്രവാസികൾക്ക് തിരിച്ചടിയാകുന്നത്. ബാങ്ക് വഴി അയക്കുമ്പോൾ ഒരു എം.വി.ആറിന് 5.8 ഇന്ത്യൻ രൂപ വരെയാണ് വിനിമയ നിരക്ക്. എന്നാൽ, ഏജന്‍റുമാർ വഴിയാകുമ്പോൾ പരമാവധി നിരക്ക് 4.50 രൂപ മാത്രം.
നിയന്ത്രണം ഒക്ടോബർ 25ന് പ്രാബല്യത്തിൽ വരും. വിദേശപണത്തിന്‍റെ വരവ് കുറഞ്ഞതാണ് നിയന്ത്രണം ഏർപ്പെടുത്താൻ കാരണമെന്നും നടപടി താത്കാലികമാണെന്നും എസ്.ബി.ഐ ഇടപാടുകാർക്ക് അയച്ച ഇ-മെയിലിൽ പറയുന്നു. എ.ടി.എം വഴിയുള്ള ഇടപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പ് പ്രവാസികൾക്ക് ഇവിടെ നിന്ന് പരിധിയില്ലാതെ പണമയക്കാമായിരുന്നു. നാട്ടിലേക്ക് പണമയക്കാൻ കഴിയാത്ത അവസ്ഥ രണ്ടും മൂന്നും ലക്ഷം രൂപ മുടക്കി മാലദ്വീപിൽ ജോലിക്ക് എത്തിയവരെ വൻ ദുരിതത്തിലേക്ക് തള്ളിവിട്ടതായി ഇവിടെ ഹയർ സെക്കൻഡറി അധ്യാപകനായി ജോലി ചെയ്യുന്ന വിപിൻ പറയുന്നു.
അധ്യാപകരുടെ കൂട്ടയ്മകളടക്കം വിഷയം എസ്.ബി.ഐയുടെയും മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പോലുള്ള സ്ഥാപനങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ല. അന്യനാട്ടിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് അവരുടെ പണം സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സാഹചര്യമൊരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് മാലിദ്വീപിലെ പ്രവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

