ജയിലുകളിൽ പുറത്തുനിന്നുള്ളവർ പങ്കെടുക്കുന്ന മതപരമായ ചടങ്ങുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം മരവിപ്പിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ പുറത്തുനിന്ന് എത്തുന്നവരുടെ മതപഠന, ആത്മീയ ക്ലാസുകൾ വേണ്ടെന്ന ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ വിവാദ ഉത്തരവ് മരവിപ്പിച്ചു. കെ.സി.ബി.സി അധ്യക്ഷൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഉത്തരവ് തൽക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്. ഉത്തരവിനെതിരെ ക്രൈസ്തവ സഭകളുൾപ്പെടെ പരസ്യപ്രതിഷേധത്തിനിറങ്ങിയ സാഹചര്യത്തിലാണ് കർദിനാൾ മാർബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം ചർച്ച ചെയ്തത്. ക്രൈസ്തവരുടെ വിശുദ്ധ വാരത്തിൽ വന്ന നിയന്ത്രണം പിൻവലിക്കണമെന്ന ആവശ്യമാണ് കർദിനാൾ മുഖ്യമന്ത്രിക്ക് മുന്നിൽവെച്ചത്. ജയിൽ വകുപ്പ് തീരുമാനം പിൻവലിച്ചതോടെ വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധ പരിപാടി മാറ്റിയതായി ക്രൈസ്തവ സഭാ കൂട്ടായ്മ ആക്ട്സ് വ്യക്തമാക്കി.
ജയിലിൽ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പ്രാർഥനകൾ, കൗൺസലിങ് എന്നിവക്കായി നൽകിയിരുന്ന അനുമതിയാണ് റദ്ദാക്കിയത്. മോട്ടിവേഷൻ ക്ലാസുകൾ നടത്താൻ മാത്രമായിരുന്നു അനുമതി. ഏപ്രിൽ ഒന്നു മുതൽ നിയന്ത്രണം ഏർപ്പെടുത്തിയായിയിരുന്നു ഉത്തരവ്. മുൻകാലങ്ങളിൽ വിവിധ സംഘടന പ്രതിനിധികൾ ജയിലിലെത്തി തടവുകാർക്കായി പ്രാർഥനകളും കൗൺസലിങ്ങും നടത്താറുണ്ടായിരുന്നു. ആഭ്യന്തരവകുപ്പിന്‍റെ അനുമതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. അനുമതി ലഭിച്ചാൽ ഒരു വർഷം ജയിലിലെത്തി പ്രാർഥനകളും കൗൺസലിങ്ങും നടത്താൻ സാധിക്കുമായിരുന്നു.
സംഭവം വിവാദമായപ്പോൾ ജയിൽ മേധാവി രംഗത്തുവന്നിരുന്നു. ആധ്യാത്മിക ക്ലാസുകൾ പൂർണമായി നിർത്താൻ നിർദേശം നൽകിയിട്ടില്ലെന്നും ആധ്യാത്മിക ക്ലാസുകൾക്കൊപ്പം മോട്ടിവേഷൻ ക്ലാസുകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

