തിരുവനന്തപുരം: 25 സെൻറ് വരെയുള്ള ഭൂമി തരംമാറ്റുന്നതിന് അനുവദിച്ച സൗജന്യം പരിമിതപ്പെടുത്തിയത് സാധാരണക്കാർക്ക് തിരിച്ചടി. 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം 25 സെൻറുവരെയുള്ള ഭൂമി സ്വാഭാവികവ്യതിയാനം വരുത്തുന്നത് സൗജന്യമാക്കി 2021 ഫെബ്രുവരി 25ന് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ മറ്റൊരു ഉത്തരവിലൂടെ ഇൗ സൗജന്യം ഫെബ്രുവരി 25ന് ശേഷമുള്ള അപേക്ഷകൾക്ക് മാത്രമാക്കി. ഇതോടെ ഭൂമി തരംമാറ്റലിനായി കാത്തിരുന്ന പലരും പ്രതിസന്ധിയിലായി. ഹൈകോടതി പരാമർശവും ജനങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ചാണ് ഭൂമി തരംമാറ്റൽ സൗജന്യമാക്കിയത്. വീട് നിർമിക്കാനും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കും ഭൂമി തരംമാറ്റി ഉപയോഗിക്കാൻ കഴിയുന്നതായിരുന്നു ഇൗ ഉത്തരവ്.
ആ പ്രതീക്ഷ അസ്ഥാനത്താക്കിയാണ് ജൂൈല 23ന് പുതിയ ഉത്തരവ് വന്നത്. അർഹരായ പലർക്കും ആനുകൂല്യം കിട്ടാത്ത സ്ഥിതിയാണ് ഇതോടെ ഉണ്ടായത്. പുതിയ ഉത്തരവ് വന്നതിന് പിന്നാലെ പലരും ആദ്യ അപേക്ഷ പിൻവലിച്ച് പുതിയ അപേക്ഷ സമർപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതിന് അനുവാദമില്ലെന്നാണ് റവന്യൂവകുപ്പ് പറയുന്നത്. 2008ന് മുമ്പ് നികത്തിയതും ഡേറ്റബാങ്കിൽ ഉൾപ്പെടാത്തതും ബി.ടി.ആറിൽ നിലം എന്ന് രേഖപ്പെടുത്തിയതുമായ ഭൂമിക്ക് നിശ്ചിത ഫീസ് അടച്ച് തരംമാറ്റി ക്രമവത്കരിക്കാമെന്നായിരുന്നു വ്യവസ്ഥ.
ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ അതിന് വ്യത്യസ്ത ഫീസും ഈടാക്കിയിരുന്നു. 2017 ഡിസംബർ 30ന് 25 സെൻറിൽ കൂടാത്ത വിസ്തീർണമുള്ള ഭൂമിയായി നിലകൊള്ളുന്ന അപേക്ഷ വസ്തുവിന് മാത്രേമ സൗജന്യ തരംമാറ്റം അനുവദിക്കൂ.
ഒരേ വ്യക്തിയുടെ പേരിൽ ഒരേ സർേവ നമ്പറിലോ അല്ലാതെയോ ഒന്നായി കിടക്കുന്ന വ്യത്യസ്ത ആധാരമുള്ള ഭൂമികൾക്കായി ഒറ്റ അപേക്ഷയായോ പ്രത്യേക അപേക്ഷകളായോ പരിഗണിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ആകെ വിസ്തീർണം 25 സെൻറിൽ കൂടാൻ പാടില്ല.