മോട്ടോർ വാഹനവകുപ്പിൽ അപേക്ഷകർക്ക് നിയന്ത്രണം; സേവനത്തിന് ശരണം ഇടനിലക്കാർ തന്നെ
text_fieldsതിരുവനന്തപുരം: അപേക്ഷകർക്ക് ഓഫിസിൽ വിലക്കേർപ്പെടുത്തിയതോടെ, മോട്ടോർ വാഹനവകുപ്പിൽ സേവനങ്ങൾക്ക് ഇടനിലക്കാരെ ആശ്രയിക്കാതെ നിർവാഹമില്ലെന്ന സ്ഥിതി. ‘വാഹനും’ ’സാരഥി’യുമടക്കം ഓൺലൈൻ സംവിധാനങ്ങളുണ്ടെങ്കിലും പല സേവനങ്ങൾക്കും ഇപ്പോഴും പോർട്ടലിൽ നൽകിയ അപേക്ഷയുടെ പകർപ്പുമായി ഓഫിസിലെത്തണം. ഇതിനിടെയാണ് അപേക്ഷകൾക്കും അന്വേഷണങ്ങൾക്കുമായുള്ള സന്ദർശന സമയം രാവിലെ 10.15 മുതൽ ഉച്ചക്ക് 1.15 വരെയാക്കി ചുരുക്കി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്. ഫയൽ സംബന്ധമായ കാര്യങ്ങൾക്ക് ഈ സയപരിധി കഴിഞ്ഞാൽ ഓഫിസിലേക്ക് ഫോൺ വഴി വിളിക്കാനുമാകില്ല.
അതേ സമയം ഏജന്റുമാരുടെ ഓഫിസ് ഇടപെടലുകൾക്ക് ഈ വിലക്കൊന്നുമില്ല. മാത്രമല്ല, ഫയൽ നമ്പറും അപേക്ഷ വിവരങ്ങളും വാട്സ്ആപ്പിൽ അയച്ചുനൽകിയാൽ ഉദ്യോഗസ്ഥൻ വേഗത്തിൽ നടപടി പൂർത്തിയാക്കി നൽകുകയും ചെയ്യും. നേരിട്ട് അപേക്ഷയുമായെത്തുന്നവരാണ് വട്ടം കറങ്ങുന്നത്. ഏജന്റുമാർ വഴിയുള്ള അപേക്ഷകളുടെ എണ്ണം കൂടിയാൽ ഉദ്യോഗസ്ഥർക്കുള്ള കൈമടക്കും വിഹിതവും കൂടുമെന്നതാണ് മറ്റൊരു വശം.
പൊതുജനങ്ങൾ നേരിട്ടെത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിയെ ബാധിക്കുന്നുവെന്നതാണ് പുതിയ ക്രമീകരണത്തിന് കാരണമായി ഗതാഗത കമീഷണറേറ്റ് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നത്. പകരം അപേക്ഷകളും നിവേദനങ്ങളും അക്ഷയ കേന്ദ്രങ്ങൾ വഴി അയക്കാനാണ് നിർദേശം. സേവനങ്ങളെല്ലാം പോർട്ടൽ വഴി ഓൺലൈനാക്കി എന്ന് അവകാശപ്പെടുന്ന വകുപ്പിൽ, അപേക്ഷകൾ മെയിലിൽ അയക്കാൻ ആവശ്യപ്പെടുന്നത് എന്തിനെന്നതും ഉത്തരമില്ലാത്ത ചോദ്യം.
‘പ്രിന്റ് വേണം പക്ഷേ, ഓഫിസിൽ വരരുത്’
സേവനങ്ങൾ സമ്പൂർണമായി ഓൺലൈനാക്കുകയും മുൻഗണന സ്വഭാവത്തിൽ അപേക്ഷ തീർപ്പാക്കുകയും ചെയ്താൽ പൊതുജനങ്ങളുടെ ഓഫിസ് സന്ദർശനം ഒഴിവാക്കി പ്രവർത്തനങ്ങൾ സുഗമമാക്കാം. എന്നാൽ, ലൈസൻസ് പുതുക്കലടക്കം ഏതാനും സേവനങ്ങൾ മാത്രമാണ് ഓൺലൈനാക്കിയിട്ടുള്ളത്. മറ്റുള്ളവ അധികവും ഓൺലൈനായി അപേക്ഷിച്ച ശേഷം അതിന്റെ പ്രിന്റ് ഔട്ട് ഓഫിസിലെത്തിക്കണം. ഇങ്ങനെ വാങ്ങിവെക്കുന്നവക്ക് രസീത് പോലും നൽകാറില്ല. അതുകൊണ്ട് അപേക്ഷയുടെ സ്ഥിതിവിവരം അറിയണമെങ്കിൽ നേരിട്ട് ഓഫിസിലെത്താതെ നിവൃത്തിയില്ല. മുമ്പ് അപേക്ഷ നൽകുന്ന സമയങ്ങളിൽ ഓഫിസിലെത്തി ഫീസ് അടക്കുമ്പോൾ രസീത് ലഭിക്കുമായിരുന്നു. ഇത് നൽകിയ അപേക്ഷക്കുള്ള തെളിവുമായിരുന്നു. ഇപ്പോൾ അതില്ലാത്തതോടെ ഓഫിസിൽ നിന്ന് ഫയൽ നഷ്ടപ്പെട്ടാൽ പോലും പരാതിപ്പെടാനാവില്ല. നേരിട്ട് വരുന്ന അപേക്ഷകളിൽ മൂന്ന് ഘട്ടങ്ങളിലായാണ് നടപടി. കൗണ്ടറിലെ ക്ലർക്ക് അപേക്ഷ ഓൺലൈനായി ഇൻവേഡ് ചെയ്യണം, സൂപ്രണ്ട് വൈരിഫൈ ചെയ്യണം, പിന്നീട്, ജോയന്റ് ആർ.ടി.ഒ ഇഷ്യൂ ചെയ്യണം. എന്നാൽ, നേരിട്ട് കിട്ടുന്ന അപേക്ഷകളിൽ സൂപ്രണ്ട്, ജോയന്റ് ആർ.ടി.ഒ എന്നിങ്ങനെയുള്ള രണ്ട് ഘട്ടങ്ങളേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.