മഴ തുടരും; പത്ത് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഒമ്പത് ഇടങ്ങളിൽ ഓറഞ്ച് അലർട്ട്
text_fieldsതിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ആഗസ്റ്റ് അഞ്ച്) ജില്ല ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ വയനാട് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു.
മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്‍പെഷൽ ക്ലാസ്സുകൾ, ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളജുകൾക്കും പ്രവർത്തിക്കാം. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളിൽ തന്നെ അതീവ ജാഗ്രത പുലർത്തണമെന്നും കലക്ടർ അഭ്യർഥിച്ചു.
ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല. കേരള സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. കോളജുകൾ, പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
ഇടുക്കി ജില്ലയിൽ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയവിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.
പ്രഫഷനൽ കോളജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോഴിക്കോട് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മലയോര-തീരദേശ മേഖലകളിലും മറ്റും മഴ തുടരുന്നതിനാലും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അവധി പ്രഖ്യാപിച്ചു. മാഹിയിലെ പ്രഫഷണൽ കോളജ് ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ, പ്രഫഷനൽ കോളജുകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
നാലു ദിവസത്തിൽ 25 മരണം
അൽപം ശമിച്ച മഴ തിരിച്ചുവന്നതോടെ സംസ്ഥാനത്ത് കെടുതി തുടരുന്നു. ചൊവ്വാഴ്ചയും അഞ്ചുമരണം സ്ഥിരീകരിച്ചു. ഇതോടെ നാല് ദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 25 ആയി. ചൊവ്വാഴ്ച മരണം സ്ഥിരീകരിച്ചവരിൽ അധികവും കഴിഞ്ഞ ദിവസങ്ങളിൽ ഒഴുക്കിൽപെട്ട് കാണാതായവരാണ്. കോട്ടയത്ത് ഒഴുക്കിൽപെട്ട് കാണാതായ മണർകാട് സ്വദേശി ശരൺ, ആലപ്പുഴയിൽ വെള്ളത്തിൽവീണ് കാണാതായ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ശിവദാസൻ, കോഴിക്കോട് വെള്ളക്കെട്ടിൽ വീണതിനെത്തുടർന്ന് ചികിത്സയിലിരുന്ന സുഹൈൽ, കണ്ണൂർ പേരാവൂരിൽ പുഴയിൽ കാണാതായ ഹനീഫ എന്നിവരുടെ മരണങ്ങളാണ് സ്ഥിരീകരിച്ചത്.
കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ മൃതദേഹം കണ്ടെത്തി. തേജസ്വിനി പുഴക്ക് നടുവിലെ തുരുത്തില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. തുരുത്തിൽ ഒറ്റപ്പെട്ട ബെന്നിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകിയ രാജേഷ് തിരിച്ച് പുഴ കടക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. വീടിന് പിന്നിലെ വാട്ടർ ടാങ്ക് സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് മണർകാട് സ്വദേശി ശരൺ ഒഴുക്കിൽപെട്ടത്. വെള്ളക്കെട്ടിന് സമീപം നിർത്തിയിട്ട വാഹനം നോക്കാനെത്തുന്നതിനിടെയാണ് പാണ്ടനാട് സ്വദേശി ശിവദാസനെ കാണാതായത്. മഴക്കെടുതിയിൽപെട്ട നാലുപേരെ ഇനിയും കാണ്ടെത്താനുണ്ട്. തിരുവനന്തപുരത്ത് രണ്ടും കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോരുത്തരെയുമാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.
കോട്ടയം വിജയപുരത്തെ മഴക്കെടുതി മേഖലയിൽ വയോധിക മരിച്ചു. കൊശമറ്റം തെക്കേമാലിയിൽ വിജയമ്മയാണ് (88) വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് മരിച്ചത്. സമീപത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നെങ്കിലും വിജയമ്മയും കുടുംബവും വീട്ടിൽ തുടരുകയായിരുന്നു. ഇത് മഴക്കെടുതി മരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്താകെ 418 ക്യാമ്പുകളിലായി 18434 പേരാണുള്ളത്. 143 ക്യാമ്പുകളിലായി 7852 പേർ കഴിയുന്ന പത്തനംതിട്ടയാണ് പട്ടികയിൽ ഒന്നാമത്. 135 ക്യാമ്പുകളിലായി 5288 പേരുള്ള കണ്ണൂരാണ് രണ്ടാമത്. സംസ്ഥാനത്താകെ 52 വീടുകൾ പൂർണമായും 565 വീടുകൾ ഭാഗികമായും തകർന്നു. കൂടുതൽ വീടുകൾ പൂർണമായി തകർന്നത് ഇടുക്കിയിലാണ് (14). 11 വീടുകൾ തകർന്ന കോട്ടയമാണ് രണ്ടാമത്.
ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വ്യാഴാഴ്ച്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

