വയനാട് ജില്ലയിൽ കെട്ടിട നിർമാണങ്ങൾക്ക് നിയന്ത്രണം
text_fieldsകൽപറ്റ: കാലവർഷത്തിൽ ജില്ലയിലുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളായ വൈത്തിരി, പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളിൽ കെട്ടിട നിർമാണങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇവിടങ്ങളിൽ എട്ടു മീറ്ററിൽ കൂടുതലുള്ള ഉയരമുള്ള കെട്ടിടങ്ങൾ പാടില്ലെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഉത്തരവിറക്കി. വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലാണ് വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായത്.
ജില്ലയിലുണ്ടായ ചെറുതും വലുതുമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഭൂമി വിണ്ടുകീറലും 1,221 കുടുംബങ്ങളെ നേരിട്ടു ബാധിച്ചിരുന്നു. 47 സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ 331.4 ഏക്കറും 155 ഇടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 146 ഏക്കറും ഭൂമി നശിച്ചു. 45 ഇടങ്ങളിലായി 247 ഏക്കറും ഭൂമി നഷ്ടമായി. ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകളുണ്ടായത് വൈത്തിരി ഗ്രാമപഞ്ചായത്തിലാണ് -16. ഇവിടെ 31.37 ഏക്കര്‍ ഭൂമി ഒലിച്ചുപോയി. 35 കുടുംബങ്ങളെ ഇത് നേരിട്ട് ബാധിച്ചു. വൈത്തിരി ബസ് സ്റ്റാൻഡ് കെട്ടിടം പാടെ നിലംപൊത്തിയിരുന്നു.
ഏറ്റവും കൂടുതല്‍ ഭൂമി ഒലിച്ചുപോയത് പൊഴുതന ഗ്രാമപഞ്ചായത്തിലാണ്. 11 സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 243.5 ഏക്കര്‍ ഭൂമി ഉപയോഗശൂന്യമായി. 82 കുടുംബങ്ങളാണ് ഇവിടെ പ്രതിസന്ധിയിലായത്. തിരുനെല്ലി പഞ്ചായത്തിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. ജില്ലയുടെ താൽക്കാലിക ചുമതലയുണ്ടായിരുന്ന കേശവേന്ദ്ര കുമാറാണ് ഉത്തരവിട്ടത്. മൂന്നു പഞ്ചായത്തുകളിൽ ഇനി കെട്ടിടങ്ങളുടെ ഉയരം പരമാവധി എട്ടു മീറ്ററേ പാടുള്ളൂ. നിലവിൽ പ്രവൃത്തി ആരംഭിച്ച കെട്ടിടങ്ങൾക്കും ഉത്തരവ് ബാധകമാണ്. എട്ടു മീറ്ററിൽ കൂടുതൽ പണി പൂർത്തിയായ കെട്ടിടങ്ങൾ ഭീഷണിയില്ലെന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
