വിശ്രമമില്ലാത്ത ജോലി: റെയിൽവേ സ്റ്റേഷൻ മാസ്റ്റർമാർ നിരാഹാര സമരത്തിന്
text_fieldsതൃശൂർ: ദക്ഷിണ റെയിൽവേയിലെ പാലക്കാട്, ചെന്നൈ, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, മധുര, സേലം ഡിവിഷനുകളിലെ സ്റ്റേഷൻ മാസ്റ്റർമാർ ഡിസംബർ 10 മുതൽ 12ന് അർധരാത്രി വരെ തുടർച്ചയായി 72 മണിക്കൂർ നിരാഹാര സമരത്തിന്. സ്റ്റേഷൻ മാസ്റ്റർമാരുടെ സംഘടനയായ ആൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റർ അസോസിയേഷനാണ് ജനറൽ മാനേജർക്ക് സമര നോട്ടീസ് നൽകിയത്.
മനുഷ്യാവകാശ സംരക്ഷണ ദിനമായ ഡിസംബർ 10നാണ് സമരം തുടങ്ങുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ദക്ഷിണ റെയിൽവേയിൽ മാത്രം സ്റ്റേഷൻ മാസ്റ്റർമാരുടെ 500ലധികം ഒഴിവുണ്ട്. ഇതുമൂലം നിലവിലുള്ളവർ ആഴ്ചയിൽ ഏഴ് ദിവസം വിശ്രമം പോലുമില്ലാതെ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. അത്യാവശ്യ കാര്യങ്ങൾക്കുപോലും അവധി കിട്ടുന്നില്ല.
സ്വന്തം വിവാഹത്തിന് അപേക്ഷിച്ച അവധി പോലും നിരസിക്കപ്പെട്ട അനുഭവവുമുണ്ട്. അസുഖമായി റെയിൽവേ ആശുപത്രികളിൽ പോകുന്നവരെ നിർബന്ധമായി ജോലിക്ക് തിരിച്ചയക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.