മോഹൻ ഭാഗവതിന്റെ ‘ഏകത്വ’ പ്രചാരണം കപടം; പ്രതിരോധിക്കേണ്ടത് ഇന്ത്യൻ ജനതയുടെ അതിജീവനത്തിന്റെ മാർഗ്ഗമെന്ന് പി. ജയരാജൻ
text_fieldsകണ്ണൂർ: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ ‘ഏകത്വ’ത്തെക്കുറിച്ച് നടത്തുന്ന ഏകപക്ഷീയമായ പ്രചാരണങ്ങളെ പ്രതിരോധിക്കേണ്ടത് ഇന്ത്യൻ ജനതയുടെ അതിജീവനത്തിന്റെ മാർഗ്ഗമാണെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. ആർ.എസ്.എസിന്റെ സനാതന ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള ചെറുത്തുനിൽപ്പുകൾ നാട്ടിൻപുറങ്ങളിലെ വായനശാലകളിലും വീട്ടുമുറ്റങ്ങളിലും സജീവമാകണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ആഗസ്റ്റ് 29ന് പിണറായി പാറപ്രത്ത് സി. മാധവൻ വായനശാലയുടെ ആഭിമുഖ്യത്തിൽ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെക്കുറിച്ച് നടന്ന വീട്ടുമുറ്റത്തെ പുസ്തകചർച്ചയെ അദ്ദേഹം എടുത്തുപറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ പരസ്യമായി പ്രവർത്തനം ആരംഭിച്ച ചരിത്രപ്രാധാന്യമുള്ള മണ്ണിൽ അയൽപക്കത്തെ കുടുംബങ്ങൾ ഒത്തുചേർന്ന് നടത്തിയ ഈ ചർച്ച സവിശേഷമായ ഒരു അനുഭവമായിരുന്നുവെന്നും പുസ്തകം വായനശാലയുടെ അലമാരയിൽ മാത്രം ഒതുങ്ങാതെ സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളുമായി ചേർന്ന് രാഷ്ട്രീയ ബോധമായി മാറുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്നതും ഭൂരിപക്ഷത്തിന്റെ പേരിൽ അധികാരം കേന്ദ്രീകരിക്കുന്നതും ചരിത്രത്തെയും സംസ്കാരത്തെയും രാഷ്ട്രീയ ആയുധങ്ങളാക്കുന്നതുമായ ആശയങ്ങൾക്കെതിരെയുള്ള ജനാധിപത്യ സംവാദമായിരുന്നു പാറപ്രത്ത് നടന്നത്. ആർ.എസ്.എസിനെയും സനാതന ഹിന്ദുത്വ രാഷ്ട്രീയത്തെയും എതിർക്കുന്നത് വ്യക്തിവിരോധത്തിന്റെ പേരിലല്ല, മറിച്ച് അത് ഉയർത്തിപ്പിടിക്കുന്ന അസമത്വത്തിന്റെയും ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ ആശയപരമായി നേരിടാനാണ്.
വ്യത്യസ്ത മതങ്ങളിലും ജാതികളിലും ഭാഷകളിലും സംസ്കാരങ്ങളിലും ജീവിക്കുന്ന മനുഷ്യർക്ക് തുല്യ അവകാശത്തോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ ഉറപ്പാണ് മതനിരപേക്ഷ ഇന്ത്യ. ഈ പോരാട്ടം തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലോ പ്രത്യേക സന്ദർഭങ്ങളിലോ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല.
ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ നാട്ടിൻപുറത്തെ വായനശാലകളിലും വീടുകളുടെ മുറ്റങ്ങളിലും സൗഹൃദ കൂട്ടായ്മകളിലും കുടുംബ സദസ്സുകളിലും നിരന്തരമായ രാഷ്ട്രീയ-സാമൂഹിക സംവാദങ്ങൾ വളർന്നു വരണം. പുസ്തകങ്ങൾ വായിക്കപ്പെടട്ടെയെന്നും, ചർച്ചകൾ വളർന്നും, ജനാധിപത്യ ബോധം ശക്തിപ്പെട്ടും ഭിന്നിപ്പിന്റെ രാഷ്ട്രീയം ഒറ്റപ്പെടട്ടെയെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് പി. ജയരാജന്റെ കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ആർഎസ്എസ് ലോകത്ത് ആകെ നടന്ന് 'ഏകത്വ'ത്തെക്കുറിച്ച്ക്ലാസ് എടുക്കുകയാണ്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ‘ഏകത്വ’ത്തെക്കുറിച്ച് വാചാലനാകുന്നു. അത് മാധ്യമങ്ങൾ ആഘോഷിക്കുന്നു. ഏകപക്ഷീയമായഈ കപട പ്രചാരണത്തെ പ്രതിരോധിക്കുക; തുറന്നുകാട്ടുക എന്നത് ഈ കാലത്തിൻറെ രാഷ്ട്രീയ ആവശ്യം മാത്രമല്ല, ഇന്ത്യൻ ജനതയുടെ അതിജീവനത്തിന്റെ മാർഗം കൂടിയാണ്.
നാടിനെയും ജനങ്ങളെയും സ്നേഹിക്കുകയും സ്വന്തം രാഷ്ട്രീയ ദൗത്യം തിരിച്ചറിയുകയും ചെയ്യുന്ന ഓരോരുത്തരും ഈ പ്രതിരോധ നിരയിൽ പങ്കാളികളാകേണ്ടതുണ്ട്. ആഗസ്റ്റ് 29-ന് പിണറായി പാറപ്രത്ത് നടന്ന ഏകത്വത്തെ കുറിച്ചുള്ള ചർച്ച അത്തരത്തിൽ സജീവമായ ഒന്നായിരുന്നു.
സി. മാധവൻ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വീട്ടുമുറ്റത്തെ പുസ്തകചർച്ചയിൽ അയൽപക്കത്തെ കുടുംബങ്ങൾ ഒത്തുചേർന്ന് സനാതന ഹിന്ദുത്വത്തിന്റെ ആശയങ്ങളെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളെയും തുറന്നുകാട്ടി. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്നതും ഭൂരിപക്ഷത്തിന്റെ പേരിൽ അധികാരം കേന്ദ്രീകരിക്കുന്നതും, ചരിത്രത്തെയും സംസ്കാരത്തെയും രാഷ്ട്രീയ ആയുധങ്ങളാക്കുന്നതുമായ ആശയങ്ങൾക്കെതിരായ ജനാധിപത്യ സംവാദമായിരുന്നു അത്.
സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തെക്കുറിച്ച് അറുപതിലധികം ഇടങ്ങളിൽ സംസാരിച്ചിട്ടുണ്ട്. എന്നാൽ പിണറായി പാറപ്രത്തെ ഈ ചർച്ച പ്രത്യേകമായ അനുഭവമായി. കാരണം, ഒരു പുസ്തകം വായനശാലയുടെ അലമാരയിൽ മാത്രം കിടക്കാതെ വീടുകളുടെ മുറ്റത്തേക്ക് ഇറങ്ങുകയും, സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളുമായി ചേർന്ന് രാഷ്ട്രീയ ബോധമായി മാറുകയും ചെയ്യുന്നതാണ് ഇവിടെ കണ്ടത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പരസ്യമായി പ്രവർത്തനം ആരംഭിച്ച ചരിത്ര പ്രാധാന്യമുള്ള മണ്ണിലായിരുന്നു ഈ ചർച്ച എന്നതും അത്രയേറെ പ്രധാനമാണ്.
ആർഎസ്എസിനെയും അത് മുന്നോട്ടുവയ്ക്കുന്ന സനാതന ഹിന്ദുത്വ രാഷ്ട്രീയത്തെയും എതിർക്കേണ്ടത് വ്യക്തിവിരോധത്തിന്റെ പേരിലല്ല. അത് ഉയർത്തിപ്പിടിക്കുന്ന അസമത്വത്തിന്റെയും ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ ആശയപരമായി നേരിടാനാണ്. മതനിരപേക്ഷ ഇന്ത്യ എന്നത് വ്യത്യസ്ത മതങ്ങളിലും ജാതികളിലും ഭാഷകളിലും സംസ്കാരങ്ങളിലും ജീവിക്കുന്ന മനുഷ്യർക്ക് തുല്യ അവകാശത്തോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ ഉറപ്പാണ്.
അതുകൊണ്ടുതന്നെ ഈ പോരാട്ടം തിരഞ്ഞെടുപ്പ് ഘട്ടത്തിലോമറ്റേതെങ്കിലും പ്രത്യേക സന്ദർഭങ്ങളിലോ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. നാട്ടിൻപുറത്തെ വായനശാലകളിലും വീടുകളുടെ മുറ്റങ്ങളിലും സൗഹൃദ കൂട്ടായ്മകളിലും കുടുംബ സദസ്സുകളിലും നിരന്തരമായ രാഷ്ട്രീയ-സാമൂഹിക സംവാദമായി അത് വളരണം.
പുസ്തകങ്ങൾ വായിക്കപ്പെടട്ടെ.
ചർച്ചകൾ വളരട്ടെ.
ജനാധിപത്യ ബോധം ശക്തിപ്പെടട്ടെ.
ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഒറ്റപ്പെടട്ടെ.
മതനിരപേക്ഷ ഇന്ത്യയുടെ ആശയം കൂടുതൽ ശക്തമായി ജനങ്ങളിലേക്ക് പടരട്ടെ.
ഇതാണ് പുതിയ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ നമുക്ക് തീർക്കാനുള്ള ജനകീയ പ്രതിരോധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

