രാജിവെച്ചത് ട്വന്റി 20യുടെ വർഗീയ കൂട്ടുകെട്ട് അംഗീകരിക്കാനാകാത്തതിനാൽ -പൂജ ജോമോൻ
text_fieldsകോലഞ്ചേരി: വർഗീയ ശക്തികളുമായി ട്വന്റി 20 കൂട്ടുകെട്ടുണ്ടാക്കിയതിൽ പ്രതിഷേധിച്ചാണ് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്ന് പൂജ ജോമോൻ. കഴിഞ്ഞ ദിവസം കോലഞ്ചേരിയിൽ അമിത് ഷാ എത്തിയപ്പോൾ പരിപാടി നടക്കുന്ന മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ തന്നോട് പങ്കെടുക്കണമെന്ന് നിർബന്ധിച്ചു. ബി.ജെ.പി സഖ്യവുമായി ഒരുതരത്തിലും യോജിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജി. പ്രസിഡന്റ് എന്ന നിലയിൽ ട്വന്റി 20യിൽനിന്ന് 30,000 രൂപയും തദ്ദേശ വകുപ്പിൽനിന്ന് 15,000 രൂപയും പ്രതിമാസം ലഭിച്ചിരുന്നു. പണത്തോടുള്ള താൽപര്യമാണെങ്കിൽ പ്രസിഡന്റായി തുടർന്നാൽ മതിയായിരുന്നു. തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ട്. ഇനി രാഷ്ട്രീയ പ്രവർത്തനത്തിനില്ല. അപവാദങ്ങൾ കേട്ട് മടുത്തു. സാധാരണ കുടുംബിനിയായ തന്നെ നിർബന്ധിച്ചാണ് മത്സരിപ്പിച്ചത്. എൻ.ഡി.എ ബന്ധത്തിലേക്ക് ട്വന്റി 20 പോയ ഉടൻ രാജിവെക്കാമെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും ബാലചാപല്യമാണെന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരത്തിൽ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മാനസിക പ്രയാസങ്ങൾ ഏറിയപ്പോഴാണ് രാജി നൽകിയതെന്നും പൂജ ജോമോൻ പറഞ്ഞു.
യു.ഡി.എഫിനും ട്വന്റി 20ക്കും തുല്യസീറ്റുകൾ ലഭിച്ച പൂതൃക്കയിൽ നറുക്കെടുപ്പിലൂടെയാണ് പൂജ പ്രസിഡന്റായത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പൂജയുടെ രാജി ഏറെ വിവാദമായിരുന്നു. 20 ലക്ഷത്തിന്റെ ഡീൽ നടത്തിയാണ് പൂജയെ രാജിവെപ്പിച്ചതെന്ന ആരോപണവുമായി ട്വന്റി 20 പ്രസിഡന്റ് സാബു ജേക്കബ് രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

