കൊടുങ്ങല്ലൂരിലെ പ്രധാന ആരാധനാലയങ്ങൾ ആക്രമിക്കാൻ ബി.ജെ.പി ഗൂഢാലോചനയെന്ന് രാജിവെച്ച യുവ നേതാവ്; 10 മാസം മുൻപാണ് സച്ചിദാനന്ദ് ബി.ജെ.പിയിൽ ചേർന്നത്
text_fieldsകഴിഞ്ഞ ഫെബ്രുവരിയിൽ കോൺഗ്രസ് വിട്ട സച്ചിദാനന്ദിനെ സ്വീകരിക്കുന്ന ബി.ജെ.പി നേതാക്കൾ
തൃശൂർ: തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൊടുങ്ങല്ലൂരിലെ പ്രധാന ആരാധനാലയങ്ങൾക്കുനേരെ ആക്രമണം നടത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ബി.ജെ.പി യോഗത്തിൽ ഗൂഢാലോചന നടന്നതായി പാർട്ടിയിൽനിന്ന് രാജിവെച്ച യുവനേതാവിന്റെ വെളിപ്പെടുത്തൽ.
നഗരസഭ ഭരണം പിടിക്കാൻ വേണ്ടിവന്നാൽ ആരാധനാലയങ്ങൾ ആക്രമിച്ച് കലാപം നടത്തണമെന്ന് മുകളിൽനിന്ന് നിർദേശമുണ്ടെന്ന് യോഗത്തിൽ പറഞ്ഞെന്നാണ് രാജിവെച്ച എം. സച്ചിദാനന്ദ് വാർത്തസമ്മേളനത്തിൽ പറഞ്ഞത്. കെ.എസ്.യു മുൻ ജില്ല ജനറൽ സെക്രട്ടറിയായ സച്ചിദാനന്ദ് 10 മാസം മുമ്പാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
തെളിവുകളടക്കം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ടെന്നും സച്ചിദാനന്ദ് പറഞ്ഞു. തൃശൂർ പൂരം കലക്കൽ മാതൃകയിൽ നേട്ടമുണ്ടാക്കാൻ പ്രമുഖ നേതാവിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ദുരൂഹമാണെന്നും സച്ചിദാനന്ദ് ആരോപിച്ചു.
വർഗീയമുതലെടുപ്പിന് ശ്രമിക്കുന്ന ബി.ജെ.പിയുമായി ചേർന്നുപോകാൻ കഴിയാത്തതിനാലാണ് രാജിയെന്നും മാതൃസംഘടനയായ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും സച്ചിദാനന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

