രാജി ആലോചനയിൽ പോലുമില്ല; എം.എൽ.എ സ്ഥാനം ഒഴിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. രാജിയെന്നത് ആലോചനയിൽ പോലുമില്ലാത്ത കാര്യമാണെന്ന് മാധ്യമപ്രവർത്തകരോട് രാഹുൽ പ്രതികരിച്ചു. രാഹുലിന്റെ രാജി ആവശ്യം കോൺഗ്രസിനകത്ത് തന്നെ ഉയർത്തുന്നതിനിടെയാണ് രാഹുൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് അതിന്‍റെ ഒന്നാം ഘട്ടമാണെന്നും കോൺഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഞങ്ങൾ ഈ കാര്യം ഗൗരവമായി പരിശോധിക്കും. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. അതിന്‍റെ ഒന്നാം ഘട്ടമായി 24 മണിക്കൂറിനകം ഒരു പരാതി പോലും ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജിവെച്ചു. ഇനി പാർട്ടി അന്വേഷിക്കും. അതിന് ഒരു നടപടിക്രമമുണ്ട്. എന്നിട്ട് നോക്കാം -സതീശൻ പറഞ്ഞു.
ആരോപണ വിധേയരായി നിൽക്കുന്നവർ എത്ര പേരുണ്ട്. ഞങ്ങൾ അതൊന്നും നോക്കിയിട്ടില്ല തീരുമാനമെടുക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും എന്തു ചെയ്തു എന്ന് നോക്കിയല്ല ഞങ്ങളുടെ തീരുമാനം. ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിന് വിട്ടുവീഴ്ചയില്ലാത്ത തീരുമാനമുണ്ട്. ആരോപണമുന്നയിക്കുന്ന സ്ത്രീകൾക്കെതിരായി ഒരു പ്രചരണവും യു.ഡി.എഫ് പ്രവർത്തകർ നടത്തരുതെന്നും വി.ഡി സതീശൻ പറഞ്ഞിരുന്നു.
ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവൃത്തിയും താൻ ചെയ്തിട്ടില്ലെന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞിരുന്നു. ‘ആരോപണങ്ങൾ ഉയർത്തുന്നവർക്കാണ് അതു തെളിയിക്കാനുള്ള ബാധ്യത. എന്നോടു രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവയ്ക്കുന്നത്. സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ നടക്കുന്ന ഈ സമയത്ത് എന്നെ ന്യായീകരിക്കേണ്ട അധിക ബാധ്യത കോൺഗ്രസ് പ്രവർത്തകർക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഞാൻ ഏറ്റെടുക്കുന്നു. ഞാൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആർക്കും പരാതിപ്പെടാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

