ഓയൂർ: കർണ്ണാടക സ്വദേശികളായ നാടോടി സംഘത്തിലെ മൂന്ന് വയസ്സുകാരൻ രാഹുലിന്‍റെ മൃതദേഹം കട്ടയിൽ താേട്ടിലെ ചൂലയിൽ കണ്ടെത്തിയത് നാട്ടുകാർക്ക് നൊമ്പരമായി. രാവിലെ ചൂലാനിവാസികൾ മരണ വാർത്ത അറിഞ്ഞാണ് ഉണരുന്നത്. പുല്ല് പറിക്കാൻ വന്നയാളാണ് കുട്ടിയെ കണ്ടത്. തുടർന്ന് വിവരം അറിഞ്ഞ് ഓടനാവട്ടം പ്രദേശത്തിന്‍റെ പല പ്രദേശങ്ങളിൽ നിന്ന് ആളുകൾ എത്തി. പിതാവ് വിജയിയെ പൊലീസ് മൃതശരീരം കാണിച്ച് സ്ഥിരീകരിച്ചു.
കരച്ചിൽ അടക്കിപ്പിടിച്ച് മകന്‍റെ ചേതനയറ്റ ശരീരം അച്ഛൻ നോക്കിയിരുന്നത് കണ്ണീരിലാഴ്ത്തി. അൽപ്പ സമയം കഴിഞ്ഞ് മാതാവ് ചിഞ്ചുവും മറ്റു നാടോടി സംഘവും നിലവിളികളോടെ കാണാൻ എത്തി.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് കുട്ടിയെ കാണാതായത്. ശക്തമായ മഴയിൽ വയലും തോടും നിറഞ്ഞ് കവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയിലായിരുന്നു. ഈ സമയത്താണ് കുട്ടിയെ കാണാതായത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മഴവെള്ളപ്പാച്ചിലിൽ കുട്ടിയെ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല.