കരുതൽ മേഖല: സമ്പൂർണ റിപ്പോർട്ട് സാവകാശം തേടിയേക്കും
text_fieldsതിരുവനന്തപുരം: കരുതൽ മേഖലയുമായി ബന്ധപ്പെട്ട് ജനുവരി 11ന് കേന്ദ്ര സര്‍ക്കാറിന്റെ കേസും കേരളത്തിന്റെ പുനഃപരിശോധന ഹരജിയും പരിഗണിക്കുമ്പോള്‍, ഉപഗ്രഹസർവേയുടെയും നേരിട്ടുള്ള സ്ഥലപരിശോധനയുടെയും പ്രാഥമിക റിപ്പോർട്ടാവും സമർപ്പിക്കുക. മറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ സാവകാശം തേടുമെന്നാണ് സൂചന.
നേരിട്ടുള്ള സ്ഥലപരിശോധനയിൽ ചില പഞ്ചായത്തുകളിൽ നിർമിതികളുടെയും കുടുംബങ്ങളുടെയും എണ്ണം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിരുന്നു. മറ്റുചില പഞ്ചായത്തുകളിൽ എണ്ണം കൂടുകയും ചെയ്തു. ഇതോടെ വനംവകുപ്പ് കോടതിയിൽ ഏത് റിപ്പോർട്ട് നൽകുമെന്നത് സംബന്ധിച്ച് ആശങ്ക ഉയർന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ സർവേ റിപ്പോർട്ടുകളുടെ പ്രാഥമിക വിവരങ്ങൾ സമർപ്പിച്ച ശേഷം മറ്റ് റിപ്പോർട്ടുകൾക്ക് സാവകാശം തേടാൻ ആലോചിക്കുന്നത്.
ഉപഗ്രഹസർവേയിൽ 600 നിർമിതികളാണ് കണ്ടെത്തിയതെങ്കിൽ നേരിട്ടുള്ള പരിശോധനയിൽ അത് 2104 ആയി ഉയർന്നു. അതേസമയം, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ചില പഞ്ചായത്തുകളിൽ നിർമിതികളുടെ എണ്ണം കുറഞ്ഞു. കേരളത്തിലെ 85 പഞ്ചായത്തുകളിലാണ് കരുതൽമേഖല കൂടുതലുള്ളതെന്നാണ് വനം വകുപ്പിന്റെ റിപ്പോർട്ട്.
രണ്ടുദിവസം മുമ്പാണ് ഇതിൽ പകുതിയിലേറെ പഞ്ചായത്തുകളിൽ വനം-തദ്ദേശ- റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലപരിശോധന ആരംഭിച്ചത്. അതിലാണ് ആറ് ജില്ലകളിൽ നിർമിതികളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തിയത്. മറ്റു പഞ്ചായത്തുകളിലെ സ്ഥലപരിശോധന കൂടി പൂർത്തിയാകുമ്പോഴേ അന്തിമചിത്രം വ്യക്തമാകൂ. സുപ്രീംകോടതിയിലെ പ്രധാനകേസിൽ കേരളത്തിന് കക്ഷിചേരാൻ ആവശ്യമായ വിവരങ്ങൾ ചൊവ്വാഴ്ച സുപ്രീംകോടതിക്ക് കൈമാറും.
ജനുവരി 11ന് കേസ് പരിഗണിക്കുമ്പോൾ വനം- പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്ത് പ്രാഗല്ഭ്യമുള്ള മുൻ അറ്റോണി ജനറൽ മുകുള്‍ രോഹതഗിയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ആ സമയം അദ്ദേഹം സ്ഥലത്തുണ്ടാകില്ലെന്നാണ് വിവരം. ഓൺലൈൻവഴി ഹാജരാകുന്നതും പരിഗണിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

