സംവരണ വാർഡ് നറുക്കെടുപ്പ്; പഴയ വാർഡുകളിലെ ജനസംഖ്യ പരിശോധിക്കും
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വിഭജിച്ച വാർഡുകളിൽ പഴയ വാർഡുകളിലെ എത്രപേർ ഉൾപ്പെടുന്നുവെന്ന് പരിശോധിച്ച് പട്ടിക തയാറാക്കുന്ന നടപടികൾ ആരംഭിച്ചു. അതത് തദ്ദേശ സ്ഥാപന സെക്രട്ടറി മാർക്കാണ് ചുമതല. ഒക്ടോബർ 13 മുതൽ 21 വരെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണിത്.
വാർഡുകൾ പുനർനിർണയിച്ചതിനാൽ, തുടർച്ചയായി സംവരണം വരുന്ന വാർഡുകൾ ഏതെന്ന് കണ്ടെത്തുക പ്രയാസമാണ്. മുൻപുണ്ടായിരുന്ന വാർഡിലെ 50 ശതമാനത്തിലേറെ പേർ പുതിയ വാർഡിൽ ഉണ്ടെങ്കിൽ പഴയ വാർഡിന്റെ സംവരണമാനദണ്ഡങ്ങൾ അതിന് ബാധകമാണ്. അതിനാലാണ് ഇതിനായി പട്ടിക തയാറാക്കുന്നത്.ഒരു വാർഡിൽ രണ്ടുതവണയിലേറെ സംവരണം ആവർത്തിക്കരുതെന്ന് ഹൈകോടതി നിർദേശമുണ്ട്. അത്തരം വാർഡുകൾ മാറ്റിയാകും സംവരണം നിശ്ചയിക്കുക. സംവരണ ശതമാനത്തിന് ആവശ്യമായ വാർഡുകൾ തികഞ്ഞില്ലെങ്കിൽ നറുക്കെടുപ്പിലൂടെ ബാക്കി കണ്ടെത്തും. വനിത, പട്ടികജാതി വനിത, പട്ടികവർഗ വനിത, പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ അഞ്ചുതരം സംവരണമാണുള്ളത്.
ഇതിനിടെ തദ്ദേശ സ്ഥാപനങ്ങളിലെ വിഭജിച്ചതും പുനക്രമീകരിച്ചതുമായ വാർഡുകളുടെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക ക്രമീകരിക്കുന്ന വാർഡ് മാപ്പിങ് നടപടികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.inൽ പോർട്ടലിൽ ആരംഭിച്ചു. ഇതിനായി പോർട്ടലിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സേവനങ്ങൾ തൽക്കാലം നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

