‘താൽക്കാലിക നിയമനങ്ങളിൽ സംവരണം പാലിക്കണം’ -ജെ.ബി. കോശി കമീഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താൽകാലിക നിയമനങ്ങളും എംപ്ലോയ്മെൻ് എക്സ്ചേഞ്ചുകൾ വഴി സംവരണ നിയമനങ്ങൾ പാലിച്ച് നടപ്പാക്കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ. സംസ്ഥാന സർക്കാർ സർവിസിലുള്ളവരുടെ ജാതിതിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. ക്രിസ്ത്യാനികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യങ്ങൾ നൽകണമെന്നതാണ് മറ്റൊരു നിർദേശം.
ന്യൂനപക്ഷ വകുപ്പിന് കീഴിൽ ക്രൈസ്തവർക്കായി ധനകാര്യ വികസന കോർപറേഷൻ (ക്രിസ്ത്യൻ മൈനോറിറ്റീസ് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ ) രൂപവത്കരിക്കണം. ഈ വിഭാഗത്തിൽ അർഹരായ വ്യക്തികൾക്ക് കുറഞ്ഞ നിരക്കിൽ കൃഷി, മത്സ്യകൃഷി, ബിസിനസ്, വ്യവസായം, പശു ഫാം, ആട് ഫാം മുതലായവ നടത്താൻ വായ്പകൾ നൽകണം. ഓട്ടോറിക്ഷ, കാർ അടക്കം ടാക്സി വാഹനങ്ങൾ വാങ്ങാനും വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും തൊഴിലിനായി വിദേശത്ത് പോകാനും പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും ആവശ്യമായ വായ്പകൾ ഈ കോർപറേഷൻ അനുവദിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെയും വകുപ്പിനു കീഴിലുള്ള ന്യൂനപക്ഷ കമീഷൻ, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, ന്യൂനപക്ഷക്ഷേമ സമിതികൾ എന്നിവയുടെ ഭരണനിർവഹണത്തിൽ ക്രൈസ്തവർക്ക് ആനുപാതിക പ്രാതിനിധ്യം നൽകണം. ഓർഫനേജ് കൺട്രോൾ ബോർഡ് അധ്യക്ഷനായി റൊട്ടേഷൻ ക്രമത്തിൽ ക്രൈസ്തവരെയും നിയമിക്കണം. ഒ.ഇ.സി വിഭാഗങ്ങളുടെ ക്ഷേമത്തിന് പ്രത്യേക ഡയറക്ടറേറ്റും കമീഷനും രൂപവത്കരിക്കണം.
നിർബന്ധിത മതപരിവർത്തനം: പൊലീസ് ജാഗ്രത പുലർത്തണം
പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്ന കേന്ദ്രങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ പൊലീസ് സംവിധാനം ജാഗ്രത പുലർത്തണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ റിപ്പോർട്ടിൽ ശിപാർശ. നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ അത് തടയാനും നിയമ നടപടി സ്വീകരിക്കാനും പൊലീസിന് കർശന നിർദേശം നൽകണമെന്നും ശിപാർശയുണ്ട്. ക്രൈസ്തവ വിശ്വാസം, ആചാരങ്ങൾ, നേതൃത്വത്തെ അവഹേളിക്കുന്ന ചലച്ചിത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ചിത്രങ്ങൾ, എഴുത്തുകൾ എന്നിവയ്ക്കെതിരെ രേഖാമൂലം പരാതി നൽകിയാൽ അടിയന്തര നിയമ നടപടി സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

