എയ്ഡഡ് കോളജ് നിയമന സംവരണം: ഹരജി സുപ്രീംകോടതി വിചാരണക്കായി ഫയലിൽ സ്വീകരിച്ചു
text_fieldsകൊച്ചി: ന്യൂനപക്ഷേതര എയ്ഡഡ് കോളജുകളിൽ അധ്യാപക അനധ്യാപക നിയമനങ്ങൾ നടത്തുമ്പോൾ എസ്.സി-എസ്.ടി സംവരണം പാലിക്കണമെന്ന യു.ജി.സി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി വിചാരണക്കായി ഫയലിൽ സ്വീകരിച്ചു. എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതിയാണ് ഇക്കാര്യമറിയിച്ചത്.
യു.ജു. ഉത്തരവ് 2005 മുതൽ നിലവിലുണ്ട്. കാലങ്ങളായി ആ ഉത്തരവ് പാലിക്കപ്പെടാത്തതിനാൽ എസ്.സി-എസ്.ടി വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാർഥികൾ കേരള ഹൈകോടതിയെ സമീപിച്ചിരുന്നു. സംവരണം പാലിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, നായർ സർവീസ് സൊസൈറ്റിയുടെയും എസ്.എൻ ട്രസ്റ്റിന്‍റെയും എതിർവാദത്തെ തുടർന്ന് ഈ സംവരണ ഉത്തരവ് കേരള ഹൈകോടതിയുടെ ഡിവിഷൻ ബഞ്ച് റദ്ദാക്കി.
എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതിയുടെ മുൻകൈയിൽ ടി.കെ. സുനിതാ കുമാരി, ഡോ. കെ.കെ ജയസൂര്യൻ എന്നിവർ കക്ഷി ചേർന്ന് ഡിവിഷൻ ബെഞ്ചുവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സർക്കാറിന്‍റേത് അടക്കമുള്ള എല്ലാ കേസുകളും കോടതി ഒരുമിച്ച് പരിഗണിച്ചു. സുപ്രീംകോടതി സംവരണ കേസ് വിചാരണക്കായി ഫയലിൽ സ്വീകരിച്ചു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടക്കുന്ന സംവരണം സംബന്ധിച്ച നിയമവ്യവഹാരങ്ങളിൽ പുതിയൊരു വഴിത്തിരിവാണിത്. ജസ്റ്റിസുമാരായ പാമിദി ഗന്ധം, നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് വിശദമായ വാദം കേട്ടശേഷം കേസ് വിചാരണക്കായി ഫയലിൽ സ്വീകരിച്ചത്.
സംവരണ കേസ് സുപ്രീംകോടതി മുഖ്യ പരിഗണനക്കെടുത്തതിനെ "തുല്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ പാതയിൽ സുപ്രധാനമായ നാഴികക്കല്ല്" എന്ന് എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതി നേതൃത്വങ്ങളായ ഒ.പി. രവീന്ദ്രൻ, ഡോ. എ.കെ വാസു, ഡോ. ഡി. രാജീവ്, ഡോ. എം.ബി മനോജ്, അഖില്ലീസ്, ഡോ. അനിൽ അമര, ഡോ. രേഖ രാജ് തുടങ്ങിയവർ അറിയിച്ചു.
ഭിന്നശേഷി സംവരണ കേസുകളിൽ കേരള സർക്കാർ മുൻകൈയെടുത്തത് പോലെ, എയ്ഡഡ് മേഖലയിൽ നിന്നും പൂർണമായി തഴയപ്പെട്ട ദലിത് -ആദിവാസി വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുന്നതിന് വേണ്ട അനുകൂല നിലപാടുകൾ തുടർന്നും സർക്കാറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് പ്രക്ഷോഭസമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

