ഷോൺ ജോർജിനെതിരെ ബി.ജെ.പിയിൽ അമർഷം; പേരുകൾ പുറത്തുവന്നതിൽ സംഘ്പരിവാറിനും അതൃപ്തി
text_fieldsതിരുവനന്തപുരം: മാസപ്പടിക്കേസിൽ സി.എം.ആർ.എൽ എം.ഡി. ശശിധരൻ കർത്തയുടെ ഡയറി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബി.ജെ.പിയിൽ കടുത്ത അമർഷം. വി. മുരളീധരൻ പക്ഷത്തിനും കൃഷ്ണദാസ് വിഭാഗത്തിനും ഈ വിഷയം കൈകാര്യം ചെയ്ത രീതിയിൽ വലിയ അതൃപ്തിയുണ്ടെന്നാണ് വിവരം. മതിയായ കൂടിയാലോചന നടത്താതെ സാമൂഹിക മാധ്യമത്തിലൂടെ ഡയറി എന്ന പേരിൽ പേജ് പുറത്തുവിടുകയും അതിന് പിന്നാലെ ഒറ്റക്ക് വാർത്തസമ്മേളനം നടത്തുകയും ചെയ്തത് ശരിയായില്ലെന്നാണ് പാർട്ടിയിലെ അഭിപ്രായം.
ഷോൺ പുറത്തുവിട്ട പേജിൽ വി. മുരളീധരന്റെ പേരില്ലെന്ന് പാർട്ടിയിലെ ഒരുവിഭാഗം പറയുമ്പോൾ, അതിനു പിന്നാലെ എങ്ങനെയാണ് മുരളീധരന്റെ പേരുള്ള ഡയറി പേജ് പുറത്തുവന്നതെന്ന മറുചോദ്യം ഉയരുന്നു. ഷോൺ ജോർജ് വീഴ്ത്താൻ ശ്രമിച്ചാൽ വീഴുന്ന ആളാണോ താനെന്ന് ചോദിക്കുമ്പോഴും പേര് പുറത്തുവന്നതിൽ വി. മുരളീധരൻ കടുത്ത അതൃപ്തിയിലാണ്. താൻ പണം വാങ്ങിയില്ലെന്ന് കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം ന്യായീകരിക്കുകയാണ്.
ഷോൺ പുറത്തുവിട്ട കാര്യങ്ങൾ പാർട്ടിക്ക് തന്നെ തിരിച്ചടിയായെന്ന വിലയിരുത്തൽ ബി.ജെ.പിക്കുണ്ട്. ഡയറിയുടെ ഭാഗമായി ബി.ജെ.പി, സംഘ്പരിവാർ സംഘടനാംഗങ്ങളുടെയും പേരുകൾ പുറത്തുവന്നതിൽ സംഘ്പരിവാറിനും അതൃപ്തിയുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് ആരോപണം കേന്ദ്രീകരിക്കാൻ ഉദ്ദേശിച്ച് നടത്തിയ നീക്കം ലക്ഷ്യത്തിൽനിന്ന് തിരിഞ്ഞുപോയെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പെടെ യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കൾ കർത്തയിൽനിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാനാണ് ഷോൺ ശ്രമിച്ചത്. എന്നാൽ, അത് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ വി. മുരളീധരനെയും സംശയത്തിന്റെ മുനയിലാക്കി. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സി.പി.എമ്മിനെതിരെ നടത്താമായിരുന്ന നീക്കത്തിനാണ് ഇതുമൂലം അടിതെറ്റിയതെന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. വി. മുരളീധരനെതിരായ നീക്കമാണോ ഇതിന് പിന്നിലെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവർ സംശയിക്കുന്നു. സി.എം.ആർ.എല്ലിനെതിരെ സമരം നടത്തിയ ആളാണ് താനെന്നും പാർട്ടിയിൽ വേറെയും മുരളീധരൻമാരുണ്ട്, അവരെ കണ്ടുപിടിക്കുമെന്നുമാണ് വി. മുരളീധരൻ ആവർത്തിക്കുന്നത്. പാർട്ടിക്കാരുടെ പേരുണ്ടെങ്കിൽ എഫ്.ഐ.ആറിട്ട് അന്വേഷിക്കട്ടയെന്ന് കഴിഞ്ഞദിവസം പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വെള്ളിയാഴ്ച നിലപാട് മാറ്റിയതാണ് മുരളീധരൻ പക്ഷത്തിന് ആശ്വാസമാകുന്നത്. എക്സാലോജിക് കേസിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് മുരളീധരനെ ലക്ഷ്യമിടുന്നതെന്നും പാർട്ടി മുരളീധരനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, വിഷയം ബി.ജെ.പിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കുറച്ചുകാലമായി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഏകാധിപത്യപരമായാണ് കാര്യങ്ങൾ നടക്കുന്നതെന്ന പരാതി പാർട്ടിയിലെ ഒരുവിഭാഗത്തിനുണ്ട്. അതിനിടെയാണ് സംസ്ഥാന അധ്യക്ഷന്റെ വിശ്വസ്തനായ ഷോൺ ജോർജ് മറ്റൊരു മുതിർന്ന നേതാവിനെ വെട്ടിലാക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

