ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾക്ക് പരിശീലന-ഗവേഷണ കേന്ദ്രം വരുന്നു
text_fieldsകോഴിക്കോട്: സർക്കാറിന് കീഴിലെ ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കാൻ പ്രത്യേക പരിശീലന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മലപ്പുറം വാഴയൂരിലെ സാഫി ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിലാണ് മൈനോറിറ്റി ഒാറിയൻറഡ് റിസർച്ച് സെൻറർ ഫോർ നാഷനൽ ഇൻറഗ്രേഷൻ എന്ന പേരിൽ ഗവേഷണ പരിശീലന കേന്ദ്രം ആരംഭിക്കുക. ഇതിനായി അഞ്ചേക്കർ ഭൂമി സാഫി മാനേജ്മെൻറ് സർക്കാറിന് ദാനം നൽകിയതായി മന്ത്രി കെ.ടി. ജലീൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
സെൻററിന് കേന്ദ്ര സഹായം ലഭ്യമാക്കാൻ നീക്കം തുടങ്ങി. 10 കോടി രൂപ സംസ്ഥാന സർക്കാർ നൽകുമെന്ന് മന്ത്രി പറഞ്ഞു. മദ്റസ അധ്യാപകർക്കായി സ്ഥിരം പരിശീലന കേന്ദ്രം, സിവിൽ സർവിസ് പരിശീലന കേന്ദ്രം, ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായുള്ള ഗവേഷണ കേന്ദ്രം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ഇവിടെ പ്രവർത്തിക്കുക. മദ്റസ അധ്യാപകരുടെ അക്കാദമികശേഷി പരിപോഷിപ്പിക്കുന്നതിന് പുറമെ ഭരണഘടന, ബഹുസ്വരത, മതനിരപേക്ഷ സമൂഹം, മൗലികാവകാശങ്ങൾ, ന്യൂനപക്ഷാവകാശങ്ങൾ, പൗരധർമം എന്നിവയെക്കുറിച്ച് അവബോധമുണ്ടാക്കുന്ന പരിശീലനം നൽകും.
സംസ്ഥാനത്തെ രണ്ടുലക്ഷം മദ്റസ അധ്യാപകരെ 100 പേർ വീതമുള്ള ബാച്ചുകളാക്കി, അഞ്ചുദിവസം നീളുന്ന റസിഡൻഷ്യൽ പരിശീലനമാണ് നൽകുക. ഇൗ സെൻറർ യാഥാർഥ്യമാകുന്നതുവരെ കരിപ്പൂരിലെ ഹജ്ജ് ഹൗസിലാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുക. സിവിൽ സർവിസ് പരിശീലന കേന്ദ്രം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി ചേർന്നാണ് ആരംഭിക്കുക. ഹജ്ജ് ഹൗസിൽ സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കും.
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുംബൈ യിൽ സിവിൽ സർവിസ് പരിശീലന കേന്ദ്രം നടത്തുന്നുണ്ട്. ഇതിെൻറ എക്സ്റ്റൻഷൻ സെൻററാണ് ഇവിടെ ഒരുക്കുക. ഇതിനായി വെർച്വൽ ക്ലാസ് മുറി സജ്ജീകരിക്കും. മുംബൈയിലെ കേന്ദ്രത്തിലെ പ്രമുഖരുടെ ക്ലാസുകൾ ഒാൺലൈനിലൂടെ തത്സമയം കരിപ്പൂരിലെ ക്ലാസ് മുറിയിൽ കാണാം. ചോദ്യങ്ങൾ ചോദിക്കാനും സൗകര്യമുണ്ടാകും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ഡോ. മഹ്സൂദ് അഹമ്മദ് ഖാൻ ഇതിന് അനുമതി നൽകി. പരിശീലനത്തിന് മേൽനോട്ടം വഹിക്കാമെന്ന് അദ്ദേഹം ഏറ്റിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
14 പുതിയ കേന്ദ്രങ്ങൾകൂടി
കോഴിക്കോട്: പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് പരീക്ഷകൾക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാർഥികളെ പരിശീലിപ്പിക്കാൻ 14 കേന്ദ്രങ്ങൾകൂടി ആരംഭിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ നിലവിൽ 18 കേന്ദ്രങ്ങളുണ്ട്. വർധിച്ചുവരുന്ന വിവാഹമോചനങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവക്ക് പരിഹാരം കാണാൻ 33 കേന്ദ്രങ്ങളിൽ പ്രീമാരിറ്റൽ കൗൺസലിങ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നടക്കുന്നതായി ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടി പറഞ്ഞു. വിവാഹ സങ്കൽപം, കുടുംബസംവിധാനം, കുടുംബത്തിൽ പുലർത്തേണ്ട ധാർമിക, സാമൂഹിക, സാംസ്കാരിക വശങ്ങൾ, വിവാഹത്തിെൻറ മുന്നൊരുക്കം, ആരോഗ്യ പരിപാലനം, ലൈംഗികത, സ്ട്രെസ്സ് മാനേജ്മെൻറ്, ഗർഭധാരണം, പാരൻറിങ് തുടങ്ങിയവയിലാണ് 18 കഴിഞ്ഞ അവിവാഹിതർക്ക് പരിശീലനം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
