'രക്ഷാപ്രവർത്തനം’: എസ്.ഐ.ടി പുതിയ സമഗ്ര റിപ്പോർട്ട് നൽകും
text_fieldsആലപ്പുഴ: നവകേരള സദസ്സ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ഉൾപ്പെടെയുള്ളവർ കെ.എസ്.യു-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ സമഗ്രമായ പുതിയ റിപ്പോർട്ട് പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) കോടതിക്ക് സമർപ്പിക്കും. കേസിൽ പ്രതികളായ ഗൺമാൻമാരടക്കം അഞ്ച് പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച ആലപ്പുഴ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ തള്ളാനുള്ള തെളിവുകൾ നിരത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. കഴിഞ്ഞദിവസം ജാമ്യഹരജി പരിഗണിച്ചപ്പോൾ എസ്.ഐ.ടിയോടും പ്രോസിക്യൂഷനോടും വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയതടക്കം ചില സംശയങ്ങൾ കോടതി ചോദിച്ചിരുന്നു. അതിനുള്ള മറുപടിയും പ്രതികളുടെ മുൻകൂർ ജ്യാമാപേക്ഷ തള്ളാൻ ആവശ്യമായ കൂടുതൽ തെളിവുകളുമുണ്ടെന്നാണ് വിവരം.
പ്രതികൾക്കെതിരെ വധശ്രമത്തിനുള്ള 308ാം വകുപ്പ് ചുമത്തിയ എസ്.ഐ.ടി റിപ്പോർട്ടിലെ വൈരുധ്യം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതികൾ കോടതിയിൽ കീഴടങ്ങാനെത്തിയതറിഞ്ഞ് വധശ്രമം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചേർത്തത് എന്തിനായിരുന്നുവെന്നാണ് കോടതി അന്വേഷണ സംഘത്തോട് ചോദിച്ചത്. ഇതിനുള്ള കാരണവും വ്യക്തമാക്കിയിട്ടുണ്ട്. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ഓഫിസിൽ റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ രണ്ടു ഗ്രേഡ് എസ്.ഐമാരെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ആലപ്പുഴയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരിൽനിന്ന് ചില നിർണായകവിവരങ്ങൾ ലഭിച്ചിട്ടുണ്ട്. രേഖകളിൽ കൃത്രിമം നടത്തിയെന്ന എസ്.ഐ.ടി നിഗമനം ശരിവെക്കുന്നതാണിത്. എ.ഡി. തോമസ് എം.എൽ.എയെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കൂര്യാക്കോസിനെയും മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പ്രോസിക്യൂഷനും ആക്രമണത്തിന് ഇരയായവരുടെ അഭിഭാഷനും ഹാജരാക്കിയിരുന്നു. ഈ ദൃശ്യങ്ങളിൽ പ്രതിഭാഗം സംശയംപ്രകടിപ്പിച്ചതോടെ ആധികാരിത ഉറപ്പാക്കാൻ സംഭവസമയത്ത് പൊലീസ് കാമറമാൻ ചിത്രീകരിച്ച വിഡിയോ അടക്കമുള്ള ദൃശ്യങ്ങളും നിലവിൽ കോടതിയിൽ ഹാജരാക്കിയ ദൃശ്യങ്ങളുടെ ഫോറൻസിക് ഫലവും ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

