രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗികാതിക്രമം: ഉന്നത വനിത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും
text_fieldsആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ രക്ഷാപ്രവർത്തകനിൽനിന്ന് ലൈംഗികാതിക്രമം നേരിട്ട യുവതി പൊലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് ഡി.ജി.പിക്ക് പരാതി നൽകി. അപകടത്തിന് പിന്നാലെ കായംകുളം സ്റ്റേഷനിൽ എടുത്ത ആദ്യ മൊഴിയിൽ താൻ പറഞ്ഞ പല കാര്യങ്ങളും ഒഴിവാക്കി പ്രതിയെ സഹായിക്കുന്ന സമീപനമാണ് പൊലീസിൽനിന്നുണ്ടായതെന്ന് പരാതിയിൽ പറയുന്നു. എത്രയുംവേഗം നീതി ലഭ്യമാക്കാൻ ഉന്നത വനിത ഉദ്യോഗസ്ഥയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നതാണ് പരാതിയിലെ പ്രധാന ആവശ്യം.
പരാതി നൽകാനെത്തിയപ്പോൾ കായംകുളം പൊലീസിൽനിന്ന് ദുരനുഭവമുണ്ടായി. സഹായിക്കാനെത്തിയയാളിൽനിന്ന് നിന്ന് ദുരനുഭവം ഉണ്ടായതായും ഇയാൾ മദ്യപിച്ചിരുന്നെന്നും പണം വാഗ്ദാനം നൽകിയതായും താൻ പറഞ്ഞ കാര്യങ്ങളൊന്നും മൊഴിയായി രേഖപ്പെടുത്തിയില്ല. തനിക്ക് മലയാളം കൃത്യമായി എഴുതാനും വായിക്കാനും അറിയില്ല. ഇത് മുതലാക്കി പ്രതിയെ സഹായിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. പണം വാഗ്ദാനം ചെയ്ത കാര്യം ഉൾപ്പെടെ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത്തരം കാര്യങ്ങൾ ഇതിൽ പറയേണ്ടതില്ലെന്ന മറുപടിയാണ് പൊലീസ് നൽകിയത്. കായംകുളം സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയാണ് മൊഴിയെടുത്തത്. പ്രതിക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയത്. കേസ് അന്വേഷിക്കുന്ന കായംകുളം പൊലീസിൽനിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പില്ല.
പരാതിക്ക് പിന്നാലെ പ്രതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം വിട്ടയച്ചു. അതിനാൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

