‘രക്ഷാപ്രവർത്തനം’ കേസ്: എ.ഡി.ജി.പി ഓഫിസിൽ എസ്.ഐ.ടി പരിശോധന
text_fieldsതിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച കേസിൽ എ.ഡി.ജി.പി ഓഫിസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി) പരിശോധന. ഓഫിസിലെ സന്ദർശക രജിസ്റ്ററും സി.സി.ടി.വി വിവരങ്ങളും പൊലീസ് ക്ലബിലെ രേഖകളും സംഘം ശേഖരിച്ചു.
എം.ആർ. അജിത്കുമാർ എ.ഡി.ജി.പിയായിരിക്കെ ഓഫിസിൽവെച്ച് കേസ് രേഖകൾ തിരുത്തിയെന്ന് മുൻ അന്വേഷണ സംഘം എസ്.ഐ.ടി മുമ്പാകെ മൊഴി നൽകിയിരുന്നു. ഇതേതുടർന്നാണ് ഡി.വൈ.എസ്.പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘം എ.ഡി.ജി.പി ഓഫിസിൽ പരിശോധനക്കെത്തിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് തലപ്പത്തുള്ള ഉന്നത ഉദ്യോഗസ്ഥന്‍റെ ഓഫിസിൽ എസ്.ഐ.ടി പരിശോധന ആദ്യമാണ്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്നു വിശേഷിപ്പിച്ച മർദനത്തിൽ ഉൾപ്പെട്ട ഗൺമാൻമാരെ സസ്പെന്‍റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ച് സർക്കാർ നിയോഗിച്ച എസ്.ഐ.ടി മുൻ അന്വേഷണ സംഘത്തെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. തുടർന്നാണ് കേസ് ഡയറി എ.ഡി.ജി.പി ഓഫിസിൽ വിളിച്ചുവരുത്തി തിരുത്തിയതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

