‘രക്ഷാപ്രവർത്തന’ കേസിൽ മുൻകൂർ ജാമ്യം: പ്രതികളുടെ മറുപടിക്ക് സമയം നൽകി ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൊച്ചി: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് മറുപടി സത്യവാങ്മൂലം നൽകാൻ സമയം അനുവദിച്ച് ഹൈകോടതി. ഗൺമാൻ എസ്. അനിൽകുമാർ (അനിൽ കല്ലിയൂർ), എസ്. സന്ദീപ്, വി.കെ. ഷൈജു, ആർ. അരുൺ, വി.വി. വിപിൻ എന്നിവർക്ക് ആലപ്പുഴ ജില്ല സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് മാറ്റിയത്. ഹരജി വീണ്ടും ആഗസ്റ്റ് 30ന് പരിഗണിക്കും.
2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ പ്രതിഷേധമുയർത്തിയതിന്റെ പേരിൽ കെ.എസ്.യു ജില്ല പ്രസിഡന്റും ഇപ്പോൾ എം.എൽ.എയുമായ എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ പിണറായി വിജയന്റെ ഗൺമാനും അകമ്പടി സേനയും ചേർന്നു മർദിച്ചെന്നാണ് കേസ്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സർക്കാർ പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയമിച്ചു. തുടർന്ന് ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തു. ഇതിനിടെയാണ് അഞ്ച് പേരും സെഷൻസ് കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയത്.
ലഭ്യമായ തെളിവുകളും വസ്തുതകളും പൂർണമായി അവഗണിച്ചാണ് തികച്ചും അപ്രസക്തമായ കാര്യങ്ങളെ മുൻനിർത്തി അഞ്ച് പേർക്കും മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാറിന്റെ ഹരജി. പ്രതികൾ അന്വേഷണവുമായി സഹകരക്കുന്നില്ലേയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

