അന്ന് റിപ്പോർട്ടർ; ഇന്ന് മുഖ്യ സംഘാടകൻ
text_fieldsതൃശൂർ: ഇക്കുറി തൃശൂർ നഗരത്തിൽ മോഹൻകുമാർ വണ്ടിയിറങ്ങിയപ്പോൾ അതിന് നനുനനുത്ത ഗൃഹാതുരത്വത്തിെൻറ സ്പർശമുണ്ടായിരുന്നു. തനിക്ക് ജീവിത സഖിയെ കണ്ടെത്താൻ വഴിയൊരുക്കിയ നഗരം എന്നതിലുപരി മൂന്ന് പതിറ്റാണ്ട് മുമ്പ് ‘സംസ്ഥാന കലോത്സവ’ത്തിെൻറ വർണപ്പകിട്ട് പകർത്തിയ റിപ്പോർട്ടറായിരുന്നു കെ.വി. മോഹൻകുമാർ- ഇന്നത്തെ മുഖ്യ സംഘാടകനായ പൊതുവിദ്യാഭ്യാസ ഡയറക്ടർ. അന്ന് കലോത്സവത്തെ ജനഹൃദയങ്ങളിലെത്തിക്കാനായിരുന്നു നിയോഗം. ഇന്ന് പരാതികൾക്കിടയില്ലാതെ പഴുതടച്ച സംഘാടക മേലങ്കിയണിഞ്ഞാണ് കലോത്സവവുമായി ബന്ധപ്പെട്ട് അദ്ദേഹം നഗരത്തിലെത്തിയിരിക്കുന്നത്.
1984-’86 കാലത്ത് ‘കേരളകൗമുദി’സ്റ്റാഫ് റിപ്പോർട്ടറായിരുന്നു മോഹൻകുമാർ. സ്വർണക്കപ്പ് ആദ്യമായി ഏർപ്പെടുത്തിയത് അക്കൊല്ലമായിരുന്നു. തൃശൂരിൽ അന്ന് ഒരു പത്രത്തിനും അച്ചടിയില്ല. പത്രപ്രവർത്തന രംഗത്തെ ഘടാഘടിയന്മാരായിരുന്നു അന്ന് മുൻനിര പത്രങ്ങളുടെ റിപ്പോർട്ടർമാർ. അവർക്കിടയിൽ അന്ന് തലയുയർത്തി പിടിച്ച് ‘ഷൈൻ’ചെയ്തത് മോഹൻകുമാർ ഒാർത്തു. നൃത്ത വേദിയിൽ നിന്ന് ‘എക്സ്ക്ല്യുസീവ്’മനുഷ്യ കഥകൾ കൊടുത്തതും അദ്ദേഹം ഒാർത്തു. കേരളകൗമുദിയിൽ റിപ്പോർട്ടറായി മൂന്ന് കൊല്ലം ജോലി ചെയ്ത ശേഷം മലയാള മനോരമയിൽ ചേർന്നു.
മനോരമയുടെ പാലക്കാട് ജില്ല ലേഖകനായി ജോലി ചെയ്യവേയാണ് ആർ.ഡി.ഒ ആയി സർക്കാർ സർവിസിൽ ചേർന്നത്. പിന്നീട് െഎ.എ.എസ് കിട്ടി പാലക്കാട് ജില്ല കലക്ടറായി ജോലി ചെയ്യാൻ അവസരം കിട്ടി. പത്രലേഖകനായിരിക്കേ അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തതും പിന്നീട് അവിടെ കലക്ടർ ആയി വന്നപ്പോൾ അവ പരിഹരിക്കാൻ േവണ്ടി ഇടപെടാനായതുമാണ് തന്നെ ത്രസിപ്പിച്ച അനുഭവമെന്ന് കലോത്സവത്തെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ മോഹൻകുമാർ അനുസ്മരിച്ചു. ഇപ്പോൾ കലോത്സവത്തിലെ നിഷ്പക്ഷ വിധി നിർണയമാണ് വെല്ലുവിളിയായി തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
