ആദിവാസി പുനരധിവാസം: കണ്ടെത്തിയത് ഉടമാവകാശ തർക്കമുള്ള ഭൂമിയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: വയനാട്ടിൽ ആദിവാസി പുനരധിവാസത്തിന് കണ്ടെത്തിയത് ഉടമാവകാശ തർക്കമുള്ള ഭൂമിയെന്ന് ധനകാര്യ റിപ്പോർട്ട്. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം ഏറ്റെടുക്കാൻ തീരുമാനിച്ച മാനന്തവാടി ട്രൈബൽ ഓഫീസിന് കീഴിലുള്ള നടവയൽ വില്ലേജിലെ രണ്ട് സ്ഥലങ്ങളും സുൽത്താൻബത്തേരി ഓഫീസിന് പുറക്കാടി വില്ലേജിലെ രണ്ട് സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്. വഴിത്തർക്കമുള്ള ഭൂമി ആദിവാസികളുടെ പുനരധിവാസത്തിന് വിലക്ക് വാങ്ങരുതെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
ഇതിൽ നടവയൽ വില്ലേജിലെ എൻ. രാജേഷിന്റെ ഭൂമിയാണ് വില കൊടുത്ത് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഈ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തർക്കവും വഴി സംബന്ധമായ പ്രശ്നങ്ങളും മാനന്തവാടി ട്രൈബൽ ഓഫീസറുടെ കത്തിൽ വ്യക്തമാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് സംബന്ധിച്ച് മാർഗനിർദേശങ്ങൾ ലംഘിച്ചാണ് ഈ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചതെന്നും റിപ്പർട്ടിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഭരണ വകുപ്പ് നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.
പരിശോധനയിൽ രാജേഷിന്റെ ഭൂമിക്ക് നടവയൽ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമുണ്ട്. വയലിനോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശവും അതിനോട് ചേർന്ന് കിടക്കുന്ന വയൽ പോലെ തോന്നിക്കുന്ന കവുങ്ങിൻ തോട്ടവുമാണ്. നിലവിൽ വെള്ളം, വൈദ്യുതി സൗകര്യമില്ല. ട്രൈബൽ ഓഫീസർ വയനാട് കലക്ടർക്ക് അയച്ച കത്തിൽ ഈ ഭൂമി സംബന്ധിച്ച വ്യക്തമായി വിദീകരണമുണ്ടായിരുന്നു.
2014 ഡിസംബർ 20ലെ ആധാര പ്രകാരം രാജേഷിന് ലഭിച്ച ഭൂമിയിൽ 22 സെന്റ് ഭൂമിക്ക് മാത്രമേ കൈവശാവകാശമുള്ളൂ. ഈ ഭൂമിക്ക് അടിസ്ഥാന രേഖകളായ പട്ടയം. ജന്മം എന്നിവയില്ല. സുൽത്താൻബത്തേരി തഹസിൽദാരുടെ കത്ത് പ്രകാരം രാജേഷിന്റെ വസ്തുവിലേക്ക് നിലവിലുള്ള മൺറോഡ് അന്യ വസ്തുവിലൂടെയാണ് കടന്നുപോകുന്നതാണെന്ന് രേഖപ്പെടുത്തി.
ലാൻഡ് ട്രൈബ്യൂണലിന്റെ 1973ലെ ക്രയസർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കിയത് പ്രകാരം സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ വസ്തു സംബന്ധിച്ച കേസ് നിലവിലുണ്ട്. എന്നാൽ, കലക്ടറേറ്റിലെ ലോ ഓഫീസർ ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ലെന്നാണ് അറിയിച്ചത്. കൈവശാവകാശം മാത്രമുള്ള ഭൂമി എങ്ങനെ ഏറ്റെടുക്കുമെന്നോ വസ്തുവിന്റെ കേസ് സംബന്ധിച്ചുള്ള വിശദാംശങ്ങളൊ പിന്നീട് ഫയലിൽ പരാമർശിച്ചില്ല.
ഭൂരഹിതരായ പട്ടികവർഗക്കാരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ വിലകൊടുത്തു വാങ്ങുന്ന ഭൂമിയിലേക്ക് യാതൊരു തടസവും ഇല്ലാത്ത വഴിയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. രാജേഷിന്റെ വസ്തുവിലേക്ക് എത്തുന്ന വഴിയുടെ ഒരു ഭാഗം ആദിവാസി ഭൂമിയിൽ കൂടിയാണ് കടന്നു പോകുന്നത്. ഇക്കാര്യം ഉദ്യോഗസ്ഥർ ഗൗരവത്തോടെ കണ്ടില്ല.
ജില്ലാ സംയുക്ത പരിശോധന റിപ്പോർട്ടിൽ ഭാഗികമായി വാസയോഗ്യം എന്നാണ് രേഖപ്പെടുത്തിയത്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചും ഭൂമിയിലേക്കുള്ള വഴി സംബന്ധമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി മാനന്തവാടി ട്രൈബൽ ഓഫീസറുടെ കത്തിൽ വ്യക്തമായിരുന്നു. പ്രത്യേക സംഘം പരിശോധന നടത്തിയതിനാൽ ഭൂമി രജിസ്ട്രേൻ നടന്നില്ല.
സുൽത്താൻബത്തേരി താലൂക്കിൽ 2022-23 വർഷത്തിൽ ഏറ്റെടുത്ത മനോജിനെയും ഔസേപ്പിന്റെയും ഭൂമിയിലും വഴി പ്രശ്നമുണ്ട്. മനോജ് നൽകിയ സ്ഥലത്തിൻറെ വഴി കടന്നു പോകുന്നത് അദ്ദേഹത്തിൻറെ അമ്മ നാണിയമ്മയുടെ ഭൂമിയിലൂടെയാണ്. സ്ഥലം നടവഴിയായി ഉപയോഗിക്കുന്നതിന് നാണിയമ്മക്കോ അവരുടെ പിൻഗാമികൾക്കോ യാതൊരു തർക്കവുമില്ലെന്ന് ഉറപ്പു നൽകി.
അതുപോലെ ഔസേപ്പിന്റെ സ്ഥലത്തുകൂടി മൂന്ന് അടി വീതിയിൽ നിർമിച്ചിട്ടുള്ള റോഡ് ആദിവാസികൾക്ക് വിട്ടുകൊടുത്ത ഭൂമിയിലേക്ക് എത്തുന്നതാണ്. ഈ വഴി ആദിവാസികൾക്ക് കൂടി ഉപയോഗിക്കാം എന്നാണ് കരാറിൽ പറഞ്ഞിട്ടുള്ളത്. രണ്ട് കേസുകളിലും ഭാവിയിൽ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത അവഗണിക്കാനാവില്ല.
അതിനാൽ ആദിവാസികൾക്കായി ഭൂമി ഏറ്റെടുത്ത് അവർക്കായി സർക്കാർ പണം ഉപയോഗിച്ച് ഒരു സെറ്റിൽമെൻറ് തയാറാക്കുമ്പോൾ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് പൊതുവഴിയുള്ള സ്ഥലത്തിന് പരിഗണനം നൽകണം. അതല്ലെങ്കിൽ വഴി കൂടി സർക്കാർ ഏറ്റെടുക്കണം. ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്ക് ഇത് അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ആയിരിക്കണം ഭൂമി ഏറ്റെടുക്കേണ്ടതെന്ന് പട്ടികവർഗ ഡയറക്ടർ നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.