ഒഴിവുകൾ ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
text_fieldsപി.എസ്.സി ആസ്ഥാനം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ മൂന്നാഴ്ചക്കുള്ളിൽ പി.എസ്.സിക്ക് (കേരള പബ്ലിക് സർവിസ് കമീഷൻ) റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് കർശന നിർദേശം നൽകി സർക്കാർ. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാർ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിട്ടു.
വിവിധ സർക്കാർ തസ്തികകളിലെ താൽക്കാലിക നിയമനങ്ങളിൽ ഉൾപ്പെടെ വൻ അഴിമതിയും ക്രമക്കേടുകളും നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പിന്റെ ഉത്തരവ്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സമയപരിധി നിശ്ചയിച്ചതിന് പിന്നാലെ, പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ലഭിച്ച ഒട്ടനവധി പരാതികളിൽ സർക്കാർ നേരിട്ടുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. അടുത്തിടെയായി സർക്കാറിന് ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും പി.എസ്.സിയുടെ പ്രവർത്തനങ്ങൾക്കെതിരെയുള്ളതാണ്.
മുമ്പ് ഇത്തരം പരാതികൾ ഉയർന്നാൽ അത് പി.എസ്.സിക്ക് തന്നെ കൈമാറിയിരുന്ന പഴയരീതി ഇനി തുടരേണ്ടതില്ലെന്നാണ് ഭരണനേതൃത്വത്തിന്റെ തീരുമാനം. ഔദ്യോഗിക അന്വേഷണം പ്രഖ്യാപിക്കുന്ന മുറക്ക് ഈ പരാതികൾ അന്വേഷണ സംഘത്തിന് കൈമാറി നടപടികളിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്.
പി.എസ്.സിക്ക് നേരിട്ട് നൽകുന്ന പരാതികളിൽ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്ന ഉദ്യോഗാർഥികളുടെ ആക്ഷേപവും ശക്തമാണ്. അഞ്ചുവർഷമായി യാതൊരുവിധ നടപടികളുമില്ലാത്ത പരാതികൾ ഉണ്ടെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
സമീപകാലത്ത് നടന്ന പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടുകളെക്കുറിച്ചും വിപുലമായ അന്വേഷണത്തിന് സർക്കാർ ഒരുങ്ങുകയാണ്. ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നിശ്ചയിച്ചതിലുണ്ടായ വീഴ്ചയെക്കുറിച്ച് ഇതിനകം തന്നെ അന്വേഷണം തുടങ്ങി. ഇതിന് പിന്നാലെ എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫിസർ പരീക്ഷയിലും ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണവുമായി ഉദ്യോഗാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.
ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്ന പരീക്ഷയിലെ ചോദ്യങ്ങൾക്ക് പ്ലസ് ടു നിലവാരം പോലും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെട്ടിരുന്നു. പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങൾക്കും ഓപ്ഷൻ ‘ബി’ ഉത്തരമായി വരുന്ന രീതിയിലാണ് ഉത്തരസൂചിക തയാറാക്കിയിരുന്നത്. പരീക്ഷ നടത്തിപ്പിലെ ഈ അപാകതകൾ ചൂണ്ടിക്കാണിച്ച് പുന:പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു.
ഇത്തരം സാഹചര്യങ്ങൾ ഉൾപ്പെടെ കണക്കിലെടുത്താണ് നടപടികൾക്ക് സർക്കാർതലത്തിൽ നീക്കം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

