വയനാട് ദുരന്തം; സന്നദ്ധ സംഘടനകൾ പണപ്പിരിവ് നടത്തിയതിന്റെ രേഖകളില്ലെന്ന് റിപ്പോർട്ട്
text_fieldsതൃശൂർ: 2024ലെ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സന്നദ്ധ സംഘടനകൾ പണപ്പിരിവ് നടത്തിയത് സംബന്ധിച്ച് രേഖകളില്ലെന്ന് ധനകാര്യ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി വിവിധ സംഘടനകൾ നടത്തിയ ഫണ്ട് പിരിവ് സംബന്ധിച്ച് ഫയലുകളോ പരാതികളോ അനുബന്ധ രേഖകളോ വയനാട് കലക്ടറേറ്റിൽ ഇല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണം കൂടാതെ ചില രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും സന്നദ്ധ സംഘടനകളും മറ്റും ദുരിതബാധിതരെ സഹായിക്കുന്നതിനായി ധനസമാഹരണം നടത്തുന്നതായി സർക്കാറിന് വിവരം ലഭിച്ചിരുന്നു. പണപ്പിരിവ് സംബന്ധിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കുറിപ്പിൽ ധനമന്ത്രി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ വിഭാഗം വയനാട്ടിൽ പരിശോധന നടത്തിയത്
വെള്ളരിമല വില്ലേജ് ഓഫിസിലാണ് ആദ്യം പരിശോധന നടത്തിയത്. ദുരന്തബാധിത വാർഡുകളായ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം എന്നിവ വെള്ളരിമല വില്ലേജിനു കീഴിലെ പ്രദേശങ്ങളാണ്. വില്ലേജ് ഓഫിസിൽ നടത്തിയ പരിശോധനയിൽ ദുരന്തത്തെ തുടർന്ന് സംഘടനകളോ വ്യക്തികളോ നടത്തുന്ന പിരിവുകൾ സംബന്ധിച്ച് അറിയിപ്പുകളോ ആക്ഷേപങ്ങളോ ഇവിടെ ലഭിച്ചിട്ടില്ല. ദുരന്തബാധിതരുടെയും പ്രദേശവാസികളുടെയും നിരവധി വാട്സ്ആപ് കൂട്ടായ്മകൾ സജീവമായി പ്രവർത്തിച്ചിരുന്നു. ധനസഹായങ്ങൾ ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. എന്നാൽ, ഏതെങ്കിലും സംഘടനയോ വ്യക്തിയോ പണപ്പിരിവ് നടത്തിയതിനെക്കുറിച്ച് അറിവില്ലെന്ന് വില്ലേജ് ഓഫിസർ മൊഴി നൽകി.
ചൂരൽമല-മുണ്ടക്കൈ നിവാസികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമെന്ന പേരിൽ വിവിധ സൊസൈറ്റികൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ അറിഞ്ഞു. ഇതിന്റെ നിജസ്ഥിതി രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ടു മാത്രമേ അറിയാൻ കഴിയൂ. കോട്ടപ്പടി, തൊണ്ടർനാട് വില്ലേജിലും പണപ്പിരിവ് സംബന്ധിച്ച് എന്തെങ്കിലും ഫയലുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്ന തുക അതിലേക്കുതന്നെ അടക്കുന്നത് ഉറപ്പുവരുത്തുന്നത് വിനിയോഗത്തിന്റെ സുതാര്യതയും വിശ്വാസ്യതയും സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ ഇടയിൽ ആവശ്യമായ ബോധവത്കരണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

