10 മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിച്ചില്ല, പഠിച്ച് തീരാത്ത കമ്മിറ്റിക്ക് വീണ്ടും മൂന്നുമാസം സാവകാശം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം
text_fieldsതിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി ചാടിപോയതിനെ കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ സർക്കാർ നിയോഗിച്ച് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചില്ല. കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതെങ്ങനെ? ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു? ജയിൽ സുരക്ഷയിൽ എന്തെല്ലാം പാളിച്ചയുണ്ടായി? എന്നിവ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. മൂന്നുമാസമായിരുന്നു ഈ കമ്മിറ്റിക്ക് മുന്നിലുണ്ടായിരുന്ന സമയം. എന്നാൽ, മുന്നുമാസം പിന്നിട്ട് 10 മാസമായിട്ടും കമ്മിറ്റി ഇതുവരെ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതോടെ മൂന്നുമാസം കൂടി ആഭ്യന്തര വകുപ്പ് കാലവധി നീട്ടുനൽകുകയായിരുന്നു.
വിയ്യൂർ അതീവ സുരക്ഷ ജയിലിൽനിന്ന് സുരക്ഷ കുറഞ്ഞ മറ്റേതെങ്കിലും സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ജയിൽ അധികൃതരെ സമീപിച്ചിരുന്നു. തമിഴ്നാട്ടിലേക്ക് ജയിൽമാറ്റവും ആവശ്യപ്പെട്ട് മുമ്പ് അപേക്ഷ നൽകിയിരുന്നു. ഇത് നിരസിച്ചതോടെയാണ് ജയിൽ ചാട്ടത്തിനൊരുങ്ങുന്നത്. തുടർന്നുള്ള ആസൂത്രണത്തിന് ഒടുവിൽ 2025 ജൂലൈയിൽ ഗോവിന്ദച്ചാമി ജയിൽ ചാടി. ജയിൽചാട്ടങ്ങൾ ഒഴിവാക്കേണ്ടത് എങ്ങനെ, ജയിലുകളുടെ സുരക്ഷ എങ്ങനെ വർധിപ്പിക്കാം തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനായിരുന്നു കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻനായരും മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസും അംഗങ്ങളായി എൽ.ഡി.എഫ് സർക്കാർ കമ്മിറ്റി രൂപീകരിച്ചത്.
ഗോവിന്ദച്ചാമി ജയിൽചാടിക്കടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് ജയിൽ അധികൃതർ വിവരമറിയുന്നത്. കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ തടവുകാരുടെ കണക്കെടുത്തപ്പോൾ ഗോവിന്ദച്ചാമി സെല്ലിന് അകത്തുണ്ടാകുമെന്നാണ് കരുതിയിരുന്നത്. രാവിലെ ആറിന് ലോക്കപ്പ് തുറക്കുന്നതിന് മുന്നോടിയായി കണക്കെടുപ്പ് നടത്തും. ഈ കണക്കിൽ ഗോവിന്ദച്ചാമിയെയും ഉൾപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽചാടിയെന്ന വിവരം അധികൃതർ അറിയുന്നത്. തടവുകാരെ പുറത്തിറക്കുമ്പോഴും അകത്തുകയറ്റുമ്പോഴും നടത്തുന്ന കണക്കെടുപ്പ് പ്രഹസനമാണ്.
പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ 6.30ന് സെൻട്രൽ ജയിലിന്റെ സുരക്ഷ മതിലിന് പുറത്തുള്ള ജയിൽ പരിശീലന കേന്ദ്രത്തിലെ ട്രെയ്നികളാണ് മതിലിൽ തുണി ചേർത്തുകെട്ടി വടമുണ്ടാക്കിയത് സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തുന്നത്. എന്നാൽ, തടവുകാർക്ക് പുറത്തുനിന്ന് അനധികൃതമായി മദ്യവും ഭക്ഷ്യവസ്തുക്കളും എത്തിക്കാനാണ് ഇതെന്നാണ് ഉദ്യോഗസ്ഥർ ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നി സെല്ലുകളിൽ നടത്തിയ പരിശോധനയിലാണ് തടവുകാരൻ ചാടിയെന്നും അത് ഗോവിന്ദച്ചാമിയാണെന്നും സ്ഥിരീകരിച്ചത്.
ഉദ്യോഗസ്ഥർ എണ്ണമെടുക്കുമ്പോൾ പൂജപ്പുര, വിയ്യൂർ സെൻട്രൽ ജയിലുകളിൽ തടവുകാർ എഴുന്നേറ്റ് സെല്ലിന്റെ ഗ്രില്ലുകൾക്ക് സമീപം വന്നു നിൽക്കും. എന്നാൽ, രാഷ്ട്രീയത്തടവുകാരുടെ അതിപ്രസരമുള്ള കണ്ണൂരിൽ ഈ ‘സിസ്റ്റം’ ഇല്ല. സെല്ലിനുള്ളിൽ ആളുണ്ടെന്ന് കരുതി എണ്ണത്തിൽ ചേർക്കുകയാണ് പതിവ്. ഡമ്മി തയാറാക്കിവെച്ച് ചാടിയ ഗോവിന്ദച്ചാമിയെയും അന്നത്തെ കണക്കിൽ ഉദ്യോഗസ്ഥർ ചേർത്തു. നൈറ്റ് ഡ്യൂട്ടിക്കാർ നൽകിയ കണക്ക് ‘അൺലോക്ക് ഓഫിസർ’ അതേപടി സ്വീകരിക്കുകയും ചെയ്തു.
ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. സെൻട്രൽ ജയിലിലെ പള്ളിക്കുന്നിൽനിന്ന് വെറും രണ്ടു കിലോമീറ്റർ അകലെയുള്ള തളാപ്പിൽ നിന്നാണ് പൊലീസ് പിന്നീട് ഇയാളെ പിടികൂടിയത്. ഇവിടെ ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് എത്തുമെന്ന് മനസ്സിലായതോടെ കിണറ്റിൽ ചാടിയ ഇയാളെ സാഹസികമായി വലിച്ചുകയറ്റുകയായിരുന്നു.
റോഡിലൂടെ നടന്നുപോയ ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞതും പിന്തുടർന്നതും വിനോജ് എന്ന വ്യക്തിയാണ്. രാവിലെ ഓഫിസിലേക്ക് പോകുന്ന വഴിക്കാണ് സംശയാസ്പദമായ രീതിയിൽ നടന്നുപോകുകയായിരുന്ന ഗോവിന്ദച്ചാമിയെ വിനോജ് തിരിച്ചറിഞ്ഞത്. ഒരു ഒട്ടോഡ്രൈവറുടെ സഹായത്തോടെ ഇയാളെ പിന്തുടർന്നു. പൊലീസിലും വിവരമറിയിച്ചു. ഒരു കൈ തുണി ഉപയോഗിച്ച് മറച്ചിരുന്നു. ഇതിൽ സംശയം തോന്നിയ ആൾ കൂടുതൽ ശ്രദ്ധച്ചപ്പോഴാണ് ഒരു കൈ ഇല്ലെന്ന വിവരം മനസ്സിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

