Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലാപത്തിന് വിത്തിട്ട്...

കലാപത്തിന് വിത്തിട്ട് കോൺഗ്രസ് പുനഃസംഘടന

text_fields
bookmark_border
Congress -conflict
cancel

തിരുവനന്തപുരം: മാസങ്ങളോളം നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷം നടത്തിയ ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പുനഃസംഘടനയെചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുന്നു. അന്തിമഘട്ടത്തിൽ ആവശ്യമായ കൂടിയാലോചനകൾ നടത്താതെ കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ചേർന്ന് പട്ടിക തയാറാക്കി പരമ്പരാഗത ഗ്രൂപ്പുകളുടെ താൽപര്യം ഹനിച്ചെന്നാണ് ആക്ഷേപം. ഇക്കാര്യത്തിലുള്ള അതൃപ്തി കേന്ദ്രനേതാക്കളെ അറിയിച്ചതിന് പിന്നാലെ എ ഗ്രൂപ് പരസ്യമായും രംഗത്തുവന്നു. പുനഃസംഘടനയിൽ തൃപ്തരല്ലെങ്കിലും പരസ്യപ്രതികരണത്തിന് ഐ പക്ഷം ഇതേവരെ തയാറായിട്ടില്ല.

ആകെയുള്ള 285 ബ്ലോക്ക് കമ്മിറ്റികളിൽ 197 ഇടത്തെ പ്രസിഡന്‍റുമാരുടെ പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. പുനഃസംഘടനക്ക് നിയോഗിച്ച ഏഴംഗ ഉപസമിതി സമർപ്പിച്ച കരട് പട്ടിക കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും മൂന്നുദിവസം തുടർച്ചയായി ചർച്ചചെയ്തശേഷമാണ് അന്തിമമാക്കിയത്. എന്നിട്ടും തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളുടെ പട്ടിക പ്രഖ്യാപനം നടത്താനായില്ല. ഈ ജില്ലകളിലെ പ്രഖ്യാപനം ഇന്നലെയാണ് നടത്തിയത്.

ഉപസമിതി ഒറ്റപ്പേര് മാത്രം നിർദേശിച്ചിടങ്ങളിൽപോലും കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും മാറ്റംവരുത്തിയെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. പട്ടിക അന്തിമമാക്കുംമുമ്പ് മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്താൻ തയാറായില്ലെന്നും ഗ്രൂപ്പുകൾ കുറ്റപ്പെടുത്തുന്നു. എന്നാൽ, എല്ലാവർക്കും മതിയായ പ്രാതിനിധ്യം നൽകിയെന്നാണ് നേതൃത്വത്തിന്‍റെ അവകാശവാദം.

ആദ്യഘട്ട പട്ടിക പുറത്തുവന്നതിന് പിന്നാലെ എ പക്ഷം ദേശീയനേതൃത്വത്തിന് പരാതി നൽകി. ഡി.സി.സി യോഗങ്ങൾ അടക്കം ബഹിഷ്കരിക്കാനും ശേഷിക്കുന്ന പുനഃസംഘടനയുമായി സഹകരിക്കേണ്ടെന്നും അവർ തീരുമാനിച്ചിരിക്കുകയാണ്. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദേശം നടപ്പായില്ലെന്ന് എ ഗ്രൂപ്പിലെ മുതിർന്നനേതാവ് ബെന്നി ബഹന്നാൻ തുറന്നടിച്ചു. അർധരാത്രി വാട്സ്ആപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. പട്ടികക്കെതിരെ എം.കെ. രാഘവൻ എം.പിയും രംഗത്തുവന്നിരുന്നു.

വയനാട് ലീഡേഴ്സ് ക്യാമ്പിലൂടെ വളർത്തിയെടുത്ത ഐക്യത്തിന്‍റെ അന്തരീക്ഷമാണ് ആഴ്ചകൾക്കുള്ളിൽ തകിടം മറിഞ്ഞത്. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് കടക്കുന്ന നിർണായക ഘട്ടത്തിൽ ഗ്രൂപ്പുകളുടെ കലഹം നേതൃത്വത്തിന് കനത്ത വെല്ലുവിളിയാണ്.

എന്നാൽ, പഴയപോലുള്ള ഗ്രൂപ്പുകളിക്ക് പ്രവർത്തകർക്ക് താൽപര്യമില്ലാത്തതിനാൽ കലാപക്കൊടി ഗ്രൂപ് നേതാക്കൾക്ക് സ്വയം താഴ്ത്തേണ്ടിവരുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

ബ്ലോക്ക് പുനഃസംഘടന പൂർത്തീകരിച്ച് കെ.പി.സി.സി

തിരുവനന്തപുരം: ഒരുവിഭാഗം നേതാക്കളുടെ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ ബ്ലോക്ക് കമ്മിറ്റി പുനഃസംഘടന പൂർത്തീകരിച്ച് കെ.പി.സി.സി നേതൃത്വം. നേരേത്ത പ്രഖ്യാപിച്ച 11 ജില്ലകൾക്ക് പുറമെ തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ മുഴുവൻ ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും പട്ടിക പ്രഖ്യാപിച്ചു.

മലപ്പുറത്ത് 32, തിരുവനന്തപുരം 28, കോട്ടയം 18 ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ, 11 ജില്ലകളിലായി 197 ബ്ലോക്കുകളിലെ പ്രസിഡന്‍റുമാരുടെ പട്ടികയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയത്. ശേഷിച്ച മൂന്ന് ജില്ലകളിലെയും എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ഒഴിച്ചിട്ടിരുന്ന ഏഴ് ബ്ലോക്കുകളിലെയും പ്രസിഡന്‍റുമാരെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. 12 വർഷത്തിന് ശേഷമാണ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പുനഃസംഘടന നടക്കുന്നത്. പുതിയ ബ്ലോക്ക് പ്രസിഡന്‍റുമാർക്ക് രണ്ടുമേഖലകളായി തിരിച്ച് നേതൃത്വപരിശീലനം നൽകുമെന്ന് കെ.പി.സി.സി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCC reorganization
News Summary - Reorganization of Congress
Next Story