പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ അന്തരിച്ചു
text_fieldsചെന്നൈ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ ചെന്നൈയിൽ നിര്യാതനായി. 77 വയസ്സായിരുന്നു. രണ്ടു ദിവസം മുമ്പ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് അന്ത്യം സംഭവിച്ചത്. കേന്ദ്ര ലളിതകല അക്കാദമി പുരസ്കാരം (1988), തമിഴ്നാട് ലളിതകല അക്കാദമി അവാർഡ് (1982), കേരള ലളിതകല അക്കാദമി ഫെലോഷിപ് (2017) എന്നീ പുരസ്കാരങ്ങൾക്ക് അർഹനായി. പാരിസ് ആർട്ട് ഗാലറി ഉൾപ്പെടെ ലോകമെമ്പാടും ഇദ്ദേഹത്തിന്‍റെ ചിത്രപ്രദർശന മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
പരേതരായ എം. പരമേശ്വരൻ നായരുടെയും കല്ലേക്കളത്തിൽ പാറുക്കുട്ടി അമ്മയുടെയും മകനായി 1945ൽ കൂടല്ലൂരിൽ ജനിച്ചു. തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡിപ്ലോമ നേടിയതിനുശേഷം ചിത്രകലാരംഗത്തേക്ക് കടന്നു. കുട്ടിക്കാലത്ത് കവിതകൾ എഴുതുകയും വരക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, കലയിൽ ആദ്യമായി ഔപചാരിക പരിശീലനം ലഭിച്ചത് എ.എം.ഐ.ഇയിൽനിന്ന് (അസോ. മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ്) സർട്ടിഫിക്കറ്റ് നേടുന്നതിനായി പഠിക്കാൻ ചെന്നൈയിലെത്തിയതിനുശേഷമാണ്. പിന്നീട് ഫൈൻ ആർട്സ് കോളജിലെ മദ്രാസ് ആർട്സ് ക്ലബ്ബിലും ചേർന്നു. ദീർഘകാലമായി ചെന്നൈ തിരുവാൻമിയൂരിൽ കടലിനഭിമുഖമായ വീട്ടിലായിരുന്നു താമസം.
റിട്ട. അധ്യാപിക കുഞ്ഞുലക്ഷ്മി, വിലാസിനി, പരേതരായ ലീല ജി. നായർ, ഭാരതി എന്നിവർ സഹോദരിമാർ. മൃതദേഹം ചെന്നൈയിൽനിന്ന് കൊണ്ടുവന്ന് കൂടല്ലൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

