സോളാറിൽ ആശ്വാസ വെളിച്ചം; പുതുക്കിയ പുനരുപയോഗ ഊർജ ചട്ടം പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സൗരോർജ ഉൽപാദന മേഖലയിലെ ‘പുനരുപയോഗ ഊർജ ചട്ടഭേദഗതി -2025’ പ്രാബല്യത്തിൽ. പുരപ്പുറ സൗരോർജ ഉൽപാദകർക്ക് ഗുണകരമായ നെറ്റ് മീറ്ററിങ് രീതി പരിമിതപ്പെടുത്തുന്നതും ബാറ്ററി സ്റ്റോറേജ് നിർബന്ധമാക്കുന്നതുമായ വൈദ്യുതി റഗുലേറ്ററി കമീഷന്‍റെ കരട് ചട്ടങ്ങൾ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അന്തിമചട്ടപ്രകാരം പത്ത് കിലോവാട്ട് വരെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ബാറ്ററി സ്റ്റോറേജ് ഇല്ലാതെ നെറ്റ് മീറ്ററിങ് സംവിധാനം തുടരാം.ഇതിനകം പ്ലാന്റ് സ്ഥാപിച്ചവർ ബാറ്ററി സ്റ്റോറേജ് പുതുതായി സ്ഥാപിക്കേണ്ടതുമില്ല. ഗാർഹിക വിഭാഗത്തിന് 20 കിലോവാട്ട് വരെ നെറ്റ് മീറ്ററിങ് അനുവദിക്കും.
10 കിലോ വാട്ട് വരെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ബാറ്ററി വേണ്ട. 10 മുതൽ 15 കിലോവാട്ട് വരെ 10 ശതമാനവും 15 കിലോ വാട്ടിന് മുകളിൽ 20 ശതമാനവും ബാറ്ററി സ്റ്റോറേജ് സ്ഥാപിച്ച് നെറ്റ് മീറ്ററിങ് പ്രയോജനപ്പെടുത്താം. 2027 ഏപ്രിൽ ഒന്നുമുതൽ ഫീസിബിലിറ്റി തേടുന്ന സോളാർ നിലയങ്ങൾക്ക് ആറ് കിലോവാട്ടിന് മുകളിൽ 10 ശതമാനം ബാറ്ററി സ്റ്റോറേജ് വേണം. 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചവർ ഗ്രിഡ് സപ്പോർട്ട് ചാർജ് നൽകേണ്ടതില്ല.
ബാറ്ററി സ്റ്റോറേജ് സ്ഥാപിച്ച് അധിക വൈദ്യുതി വൈകുന്നേരത്തെ പീക്ക് സമയത്ത് ഗ്രിഡിലേക്ക് നൽകുന്നവർക്ക് യൂനിറ്റിന് 7.50 രൂപ നിരക്കിൽ അനുവദിക്കും. വാഹനത്തിൽനിന്നുള്ള വൈദ്യുതി പീക്ക് സമയത്ത് ഗ്രിഡിലേക്ക് നൽകിയാൽ യൂനിറ്റിന് 10 രൂപ ലഭിക്കും. വ്യാഴാഴ്ച പ്രാബല്യത്തിൽവന്ന ചട്ടത്തിന് 2030 മാർച്ച് 31വരെ പ്രാബല്യമുണ്ടാകും. ഭേദഗതി അനുസരിച്ചുള്ള ബില്ലിങ് രീതികൾ 2026 ജനുവരി ഒന്നുമുതൽ നടപ്പാകും.
അതേസമയം നവംബർ അഞ്ചുവരെ ഫീസിബിലിറ്റി എടുത്ത സോളാർ ഉൽപാദകരെ 2020ലെ ചട്ടം ബാധകമാകുന്ന ഉൽപാദകരായി കണക്കാക്കും. നെറ്റ് മീറ്ററിങ്ങിൽ ഉൽപാദകർ അതത് മാസം ഉപയോഗിച്ചശേഷം മിച്ചംവരുന്ന വൈദ്യുതി തുടർന്നുള്ള മാസങ്ങളിൽ ബാങ്ക് ചെയ്‌ത് സാമ്പത്തിക വർഷാവസാനം വരെ ഉപയോഗിക്കാൻ അനുവദിക്കും.
സാമ്പത്തിക വർഷാവസാനം അധികമുള്ള വൈദ്യുതിക്ക് യൂനിറ്റിന് 3.08 നിരക്കിൽ നിലവിലുള്ള ഉൽപാദകർക്കും 2.79 രൂപ നിരക്കിൽ പുതിയ ഉൽപാദകർക്കും ലഭിക്കും. നെറ്റ് മീറ്ററിങ്ങുള്ള സോളാർ പ്ലാന്‍റിലെ അധിക വൈദ്യുതി ഉൽപാദകന്‍റെ ഇതര വ്യവസായ സ്ഥാപനങ്ങളിലും ഉപയോഗിക്കാൻ അനുമതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

