Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചികിത്സ പിഴവ്...

ചികിത്സ പിഴവ് സംഭവിച്ചിട്ടില്ല, അനന്യകുമാരിയുടെ മരണത്തിൽ വിശദീകരണവുമായി റെനെ മെഡിസിറ്റി

text_fields
bookmark_border
Ananyakumari
cancel

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി റെനൈ മെഡിസിറ്റി. അനന്യ ആരോപിച്ചത് പോലുള്ള പിഴവ് ചികിത്സയില്‍ സംഭവിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി അത് അനന്യയെ ബോധ്യപ്പെടുത്തുകയും ചെയ്തതാണെന്നും റെനൈ മെഡിസിറ്റി വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി.

റെനൈ മെഡിസിറ്റിയേയും ഡോ. അര്‍ജുന്‍, ഡോ. മധു, മറ്റ് ആശുപത്രി ഉദ്യോഗസ്ഥര്‍ എന്നിവരെ അപമാനിക്കുമെന്ന് അനന്യ വെല്ലുവിളിച്ചിരുന്നെന്നും ആശുപത്രി പി.ആര്‍.ഒ ആരോപിച്ചു. പ്രശ്നങ്ങൾക്കുള്ള പരിഹാരം നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ ഇത് ചികിത്സാപിഴവാണെന്ന രീതിയില്‍ അനന്യ പരാതി നല്‍കുകയും വന്‍തുക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് റെനൈ മെഡിസിറ്റി ആരോപിച്ചു.

ആശുപത്രിയുടെ തീരുമാനത്തില്‍ തൃപ്തിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുവാന്‍ അവരുടെ ചികിത്സാ രേഖകള്‍ നല്‍കുന്നതുള്‍പ്പെടെ ആശുപത്രിയുടെ നയമനുസരിച്ചുള്ള എല്ലാ സഹായവും ചെയ്യാമെന്നു വാഗ്ദാനം ചെയ്തിരുന്നെന്നും റെനൈ മെഡിസിറ്റി വ്യക്തമാക്കി.

അനന്യയുടെ മരണത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ മന്ത്രി ആര്‍. ബിന്ദു ചുമതലപ്പെടുത്തിയിട്ടുണ്ട്. മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റെനൈ മെഡിസിറ്റി പുറത്തിറക്കിയ കുറിപ്പിന്റെ പൂര്‍ണരൂപം

ട്രാന്‍സ്ജെന്‍ഡര്‍ അനന്യകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോ. അര്‍ജുന്‍ അശോകനും റിനൈമെഡിസിറ്റിക്കും എതിരെ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്ക് ആശുപത്രിയുടെ മറുപടിയും വിശദീകരണവും

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ആരോഗ്യസംരക്ഷണവും അവര്‍ക്ക് പ്രത്യേകമായി ആവശ്യമുള്ള ചികിത്സകളും ലഭ്യമാക്കുന്ന സമഗ്രചികിത്സാകേന്ദ്രങ്ങള്‍ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഇന്ന് ലഭ്യമല്ല. ഈ വിഭാഗത്തോട് അങ്ങേയറ്റം സൗഹൃദപരവും ബഹുമാനപൂര്‍ണ്ണവുമായ സമീപനമാണ് റിനൈമെഡിസിറ്റി അനുവര്‍ത്തിച്ച് പോരുന്നത്. റിനൈ സെന്റര്‍ ഫോര്‍ കോംപ്രിഹെന്‍സീവ് ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്ത് ശാരീരികവും മാനസീകവും സൗന്ദര്യസംബന്ധവുമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള സമഗ്രചികിത്സ നല്‍കി വരുന്നതും നൂറ് കണക്കിന് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ഈ സെന്ററില്‍ സംതൃപ്ത ചികിത്സ നേടിക്കൊണ്ടിരിക്കുന്ന വരുമാണ്.

ട്രാന്‍സ് വ്യക്തികളെ അവരാഗ്രഹിക്കുന്ന ലിംഗത്തിലേക്ക് ശാരീരികമായി മാറ്റുന്ന അതിനൂതനവും സങ്കീര്‍ണ്ണവുമായ ശസ്ത്രക്രിയയാണ് SRS (Sex Reassignment Surgery) ഇതില്‍ പെണ്‍ലിംഗത്തിലേക്ക് മാറുന്ന ട്രാന്‍സ് വുമണ്‍ വ്യക്തിയുടെ ശരീരഭാഗങ്ങള്‍, ഉദാഹരണമായി സ്തനങ്ങള്‍, സ്ത്രീലൈംഗീകാവയവം എന്നിവ കൃത്രിമമായി ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടാതെ മുഖം, ശരീരം, ശബ്ദം എന്നിവയുടെ സ്ത്രൈണീകരണ ശസ്ത്രക്രിയകളും ചെയ്യുന്നു.

ഈ പരിണാമം പലഘട്ടങ്ങളിലായി ചെയ്യുന്ന ശസ്ത്രക്രിയകളിലൂടെയാണ് സാധ്യമാക്കുന്നത്. സൗത്ത് ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ SRS ചെയ്യുന്ന ഡോക്ടര്‍മാരാണ് റിനൈ സെന്റര്‍ ഫോര്‍ കോംപ്രിഹെന്‍സീവ് ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്തിലെ ഡോ. അര്‍ജുന്‍ അശോകന്‍, ഡോ. മധു എന്നിവരടങ്ങുന്ന പ്രഗത്ഭരായ ടീം. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയകളുടെ ഫലപ്രാപ്തിയുടെ മേന്മ, സങ്കീര്‍ണതകളിലെ കുറവ് എന്നിവ അന്താരാഷ്ട്ര നിലവാരത്തിനപ്പുറമുള്ളതും വികസിച്ചുകൊണ്ടിരിക്കുന്ന ഈ വൈദ്യശാസ്ത്രമേഖലയിലെ പഠനഗ്രന്ഥങ്ങളിലും ജേര്‍ണലുകളിലും ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്.

ഡോ. അര്‍ജുന്‍ അശോകന്റെയും ടീമിന്റെയും ഈ മേഖലയിലുള്ള വൈദഗ്ധ്യമറിഞ്ഞ് കേരളത്തില്‍നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പുറംരാജ്യങ്ങളില്‍ നിന്നും അനേകം രോഗികള്‍ ഇവിടെയെത്തി അവരാഗ്രഹിച്ച ലിംഗത്തിലേക്ക് മാറിയിട്ടുള്ളവരും പരിപൂര്‍ണസംതൃപ്തരുമാണ്. ട്രാന്‍സ്ജെന്‍ഡജര്‍ ചികിത്സകളുടെ പല ദേശീയ അന്തര്‍ദേശീയ സെമിനാറുകളിലും ഡോ. അര്‍ജുന്‍ ക്ഷണിതാവായ പ്രാസംഗികനാണ്.

ആണില്‍നിന്ന് പെണ്ണിലേക്കും പെണ്ണില്‍ നിന്ന് ആണിലേക്കുമുള്ള ലിംഗമാറ്റ ശസ്ത്രക്രിയകള്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒന്നാണ്. ഇതിന്റെ ഫലപ്രാപ്തി പലഘട്ടങ്ങളിലെ ശസ്ത്രക്രിയകളിലൂടെയും ചികിത്സകളിലൂടെയും സാധ്യമാകുന്നതാണ്. മറ്റേതൊരു ശസ്ത്രക്രിയപോലെയും തന്നെ സങ്കീര്‍ണ്ണതകള്‍ ഉടലെടുക്കുന്നതിനും അതിനായി തുടര്‍ചികിത്സകള്‍ ആവശ്യമായി വന്നേക്കാവുന്നതുമാണ്. വ്യക്തി പ്രതീക്ഷിച്ചരീതിയില്‍ ഉള്ള അവയവസൗന്ദര്യം ചിലപ്പോള്‍ ലഭ്യമായി വന്നേക്കില്ല എന്നും ചില സാഹചര്യങ്ങളില്‍ തുടര്‍ശസ്ത്രക്രിയയിലൂടെയും ചികിത്സയിലൂടെയും മാത്രമേ ഉദ്ദേശിച്ച ഫലപ്രാപ്തി കൈവരികയുള്ളൂവെന്നുമുള്ള വസ്തുത SRS ശസ്ത്രക്രിയയുടെ അടിസ്ഥാനമാണ്. ഈ വസ്തുതകളെല്ലാം ആഴ്ചകളിലൂടെ നീളുന്ന നിയമപരമായി അനുശാസിക്കുന്ന കൗണ്‍സിലിംങ് സെക്ഷനുകളിലൂടെ രോഗിയെ പൂര്‍ണമായി ബോധ്യപ്പെടുത്തി സമ്മതപത്രവും നിയമപരമായി അനുശാസിക്കുന്ന മറ്റ് രേഖകളും ഒപ്പുവെച്ചതിന് ശേഷം മാത്രമെ ചെയ്യുകയുള്ളൂ.

അനന്യയുടെ സര്‍ജറി ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായതാണ്. ഡോ. അര്‍ജുന്‍ അശോകന്റെ കീഴില്‍ SRS ചെയ്ത സംതൃപ്തരായ അവരുടെ സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അവര്‍ റിനൈമെഡിസിറ്റിയില്‍ ചികിത്സക്ക് എത്തുന്നത്. ലഭ്യമായേക്കാവുന്ന ഫലപ്രാപ്തിയേയും ഉടലെടുത്തേക്കാവുന്ന സങ്കീര്‍ണതകളെയും ആവശ്യമായി വന്നേക്കാവുന്ന തുടര്‍ചികിത്സകളെപറ്റിയും അനന്യ ബോധ്യവതിയായിരുന്നുവെങ്കിലും നടപടിക്രമങ്ങള്‍ അനുസരിച്ച് മനശാസ്ത്ര കൗണ്‍സിലിംങ് ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചതിന് ശേഷമാണ് അനന്യ ശസ്ത്രിക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയാനന്തരം ആറ് ദിവസത്തിനുശേഷം Intestinal obstruction എന്ന ഒരു സങ്കീര്‍ണ്ണത (A known complication of SRS) ഉടലെടുക്കുകയും അത് യഥാസമയം മറ്റൊരു പ്രൊസീജിയറിലൂടെ പരിഹരിക്കുകയും ചെയ്തിരുന്നു.

ഇത് ഏതൊരു വ്യക്തിക്കും ശസ്ത്രക്രിയാനന്തരം ഉടലെടുക്കാവുന്ന ഒരു സങ്കീര്‍ണതയാണെന്നുള്ള വസ്തുത അനന്യ അംഗീകരിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി പോകുമ്പോഴും അതിന് ശേഷവും തനിക്ക് ലഭിച്ച ഫലപ്രാപ്തിയില്‍ അനന്യ സംതൃപ്തയായിരുന്നു. മാത്രമല്ല ചികിത്സ നല്‍കിയ ഡോക്ടര്‍മാരോടുള്ള സ്നേഹവും കൃതജ്ഞതയും പങ്കുവെച്ചിരുന്നതുമാണ്.

എന്നാല്‍ ആറേഴ് മാസത്തിന് ശേഷം തനിക്ക് താന്‍ പ്രതീക്ഷിച്ച ഭംഗിയിലുള്ള ലൈംഗീകാവയവം ലഭിച്ചില്ലെന്നുള്ള പരാതി അനന്യ ഉന്നയിച്ചു. കൂടാതെ മൂത്രമൊഴിക്കുമ്പോള്‍ ചിതറിത്തെറിക്കുന്നുവെന്ന ഒരു പരാതിയും ഉന്നയിക്കുകയുണ്ടായി. പരിശോധനക്ക് ശേഷം ഇത് പരിഹരിക്കുന്നതിന് ചെറിയൊരു ശസ്ത്രക്രിയ ആവശ്യമാണെന്നും അനന്യയുടെ ശാരീരിക പ്രത്യേകതകളാല്‍ ശസ്ത്രക്രിയയിലൂടെ നിര്‍മ്മിച്ച ലൈംഗീകാവയവത്തിന്റെ ബാഹ്യഭാഗത്തെ കൊഴുപ്പ് നഷ്ടപ്പെട്ടുപോയതിനാല്‍ കൊഴുപ്പുവെച്ച് ലൈംഗീകാവയത്തിനുള്ള ബാഹ്യഭംഗി കൂട്ടുന്നുതിനുവേണ്ട ചികിത്സയും നിര്‍ദ്ദേശിച്ചു.

SRS ശസ്ത്രക്രിയക്ക് ശേഷം ആവശ്യമായേക്കാവുന്ന ഇപ്രകാരമുള്ള തുടര്‍ചികിത്സകളെപ്പറ്റി അനന്യയെപ്പോലുള്ള ഒരു വ്യക്തി പൂര്‍ണമായും ബോധവതിയായിരുന്നു. എന്നാല്‍ ഇത് ചികിത്സാപിഴവാണെന്ന രീതിയില്‍ അനന്യ പരാതി നല്‍കുകയും വന്‍തുക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ പരാതി ഒരു മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന അവരുടെ ആവശ്യം ആശുപത്രി അംഗീകരിച്ചു. എന്നാല്‍ വിശദമായി പരിശോധിച്ച ശേഷം മെഡിക്കല്‍ ബോര്‍ഡ് അനന്യ ആരോപിച്ചതുപോലുള്ള യാതൊരുവിധ ചികിത്സാപിഴവും (medical negligence) അവരുടെ ചികിത്സയില്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ക്കപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുകയും അതവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അവര്‍ക്ക് ആശുപത്രിയുടെ തീരുമാനത്തില്‍ തൃപ്തിയില്ലെങ്കില്‍ അവര്‍ അറിയിച്ചതനുസരിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുവാന്‍ അവരുടെ ചികിത്സാ രേഖകള്‍ നല്‍കുന്നതുള്‍പ്പെടെ ആശുപത്രിയുടെ നയമനുസരിച്ചുള്ള എല്ലാ സഹായവും ചെയ്യാമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നതാണ്.

എന്നാല്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും യാതൊരുവിധ ചികിത്സാപിഴവും (medical negligence) ഇല്ലാത്തതിനാല്‍ നിയമപരമായ പരിരക്ഷ ലഭിക്കില്ല എന്നറിയിച്ചുകൊണ്ട് അനന്യ വീണ്ടും ഞങ്ങളെ സമീപിച്ചു. കൂടാതെ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ അത്യാവശ്യമായി വേണ്ട തുടര്‍ചികിത്സകള്‍ നല്‍കാമെന്ന് മാനേജ്മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നതുമാണ്.

എന്നാല്‍ അനന്യയുടെ മറ്റ് ചില ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ലെന്നും അതിന് യാതൊരുവിധ ബാധ്യതകളും ഞങ്ങള്‍ക്കില്ലെന്നും ഞങ്ങള്‍ ബോധ്യപ്പെടുത്തി. റിനൈമെഡിസിറ്റിയേയും ഡോ. അര്‍ജുന്‍, ഡോ. മധു, മറ്റ് ആശുപത്രി ഉദ്യോഗസ്ഥര്‍ എന്നിവരെയും സമൂഹമാധ്യമങ്ങളിലൂടെയും സുഹൃത്ത് വലയത്തിലൂടെയും അപമാനിക്കുമെന്ന് വെല്ലുവിളിച്ചാണ് അനന്യ അതിനോട് പ്രതികരിച്ചത്.

ട്രാന്‍സ് വിഭാഗത്തിന് മാത്രമല്ല എല്ലാ രോഗികള്‍ക്കും കുറഞ്ഞ ചെലവില്‍ രാജ്യാന്തര നിലവാരത്തിലുള്ള സേവനം നല്‍കിവരുന്ന റിനൈമെഡിസിറ്റി ആശുപത്രിയേയും വിദഗ്ധ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരേയും മാനസികവും സമൂഹികവുമായും തളര്‍ത്തുന്ന തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഞങ്ങള്‍ വിനയത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥിക്കുന്നു. നാളിതുവരേയും ജനങ്ങള്‍ നല്‍കിവരുന്ന വിശ്വാസവും സ്നേഹവും മാത്രമാണ് ഇതിനോടകം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമേകി മുന്നോട്ടുള്ള ഞങ്ങളുടെ പ്രയാണത്തിന് കരുത്തും പ്രചോദനവുയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ananyakumari
News Summary - Rene Medicity gives an explanation on Ananyakumari's death
Next Story