‘കേരളം’ എന്ന പേരുമാറ്റം ; ബില്ലിന് നിയമസഭയുടെ അംഗീകാരം, രാഷ്ട്രപതിക്ക് തിരികെ സമർപ്പിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്ന് ഭരണഘടനാപരമായി ഭേദഗതി ചെയ്യുന്ന ബില്ലിലെ വ്യവസ്ഥകൾ നിയമസഭയിൽ അവതരിപ്പിച്ച് ഐകകണ്ഠ്യേന പാസാക്കി. മുഖ്യമന്ത്രി വി.ഡി സതീശനാണ് 10 വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബില്ല് സഭയിൽ വെച്ചത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സഭ ഏകകണ്ഠമായി പാസാക്കുന്ന ആദ്യ ബിൽ കൂടിയാണിത്.
സംസ്ഥാനത്തിന്റെ പേര് മലയാളത്തിൽ കേരളം എന്ന് ഉപയോഗിക്കുമ്പോഴും ഔദ്യോഗിക രേഖകളിലെല്ലാം ഇംഗ്ലീഷിൽ ‘കേരള’ എന്നാണുള്ളത്. ഇതു മാറ്റി എല്ലാ ഭാഷകളിലും ഔദ്യോഗിക രേഖകളിൽ ‘കേരളം’ എന്നാക്കുന്നതിനുള്ള ഭരണഘടന നടപടികളുടെ ഭാഗമായാണ് ബില്ല് നിയമസഭയുടെ പരിഗണനക്കെത്തിയത്. ഇത് സംബന്ധിച്ച് മുമ്പ് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സർക്കാറിന് അയച്ചിരുന്നു. പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരവും നൽകി. അതേസമയം ഭരണഘടനയുടെ ആർട്ടിക്കിൾ മൂന്ന് പ്രകാരം സംസ്ഥാനങ്ങളുടെ പേരുമാറ്റ കാര്യത്തിൽ രാഷ്ട്രപതി ബന്ധപ്പെട്ട നിയമസഭയുടെ അഭിപ്രായം തേടണമെന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബില്ല് കേരള നിയമസഭയുടെ പരിഗണനക്ക് വീണ്ടും എത്തിയതും ഏക സ്വരത്തിൽ പാസാക്കിയതും. നിയമസഭ അംഗീകാരം നൽകിയ ബിൽ ഇനി രാഷ്ട്രപതിക്ക് അയക്കും. രാഷ്ട്രപതിയുടെ ശിപാർശയോടെ കേന്ദ്ര സർക്കാർ പാർലമെന്റിൽ ഔദ്യോഗികമായി അവതരിപ്പിച്ച് പാസാക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ മാറ്റംവരികയും സംസ്ഥാനത്തിന്റെ പേര് എല്ലാ ഭാഷകളിലും ഔദ്യോഗികമായി ‘കേരളം’ എന്നാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

