ചിറയിൻകീഴിലെ കൈയാങ്കളി: അച്ചടക്കമുള്ള പാർട്ടി പ്രവർത്തക, നീതിപൂർവമായ തീരുമാനം പ്രതീക്ഷിക്കുന്നുവെന്ന് രമ്യ ഹരിദാസ് എംഎൽഎ
text_fieldsതിരുവനന്തപുരം: പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ ചിറയിൻകീഴിലെ കൈയാങ്കളി സംഭവത്തിൽ കെപിസിസി അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി രമ്യ ഹരിദാസ് എംഎൽഎ. നടന്ന കാര്യങ്ങൾ പറഞ്ഞുവെന്നും നീതിപൂർവമായിട്ടുള്ള തീരുമാനം ഇതിലുണ്ടാകുമെന്നാണ് കരുതുന്നതെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണെന്ന് വ്യക്തമാക്കിയ അവർ പാളയം പ്രദീപുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
റിപ്പോർട്ട് ഉടൻ കെപിസിസി അധ്യക്ഷന് കൈമാറുമെന്ന് അന്വേഷണ സമിതി ചെയർമാൻ എം.എം. ഹസ്സൻ പറഞ്ഞു. നടപടിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളെല്ലാം തീരുമാനിക്കുക കെ.പി.സി.സി. പ്രസിഡന്റാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ ആളുകളോടും സംസാരിച്ചു. വിഷയം ഗൗരവമുള്ളതായതുകൊണ്ടാണ് തന്നെ കെപിസിസി നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നടപടിയായിരിക്കും ഇക്കാര്യത്തിൽ ഉണ്ടാവുക.
രമ്യ ഹരിദാസ് തന്നെ കബളിപ്പിച്ചിട്ടില്ലെന്ന് എം.എം. ഹസ്സൻ വ്യക്തമാക്കി. താൻ ഡൽഹിക്ക് പോകുന്നു എന്നാണ് അവർ തന്നോട് പറഞ്ഞിരുന്നത്. അതിനുശേഷമാണ് ചിറ്റൂർ മുൻ എംഎൽഎ മരണപ്പെട്ടത്. പിന്നീട് അവർ നേരിട്ട് കാണാമെന്ന് അറിയിക്കുകയും, ഇന്ന് നേരിട്ടെത്തി മൊഴി നൽകുകയും ചെയ്തു. എന്നാൽ പാളയം പ്രദീപിന്റെ കാര്യത്തിൽ രമ്യ തന്നെയാണ് മറുപടി നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിറയിൻകീഴിലെ കയ്യാങ്കളിക്ക് പിന്നാലെ പാളയം പ്രദീപിനെ സംരക്ഷിക്കാൻ രമ്യ ഹരിദാസ് എംഎൽഎ കത്ത് എഴുതിയതോടെയാണ് വിവാദം കൂടുതൽ കനത്തത്. എംഎൽഎക്കെതിരെ നടപടി എടുക്കേണ്ടതില്ല എന്ന് നേതൃത്വം ആദ്യഘട്ടത്തിൽ തീരുമാനമെടുത്തെങ്കിലും, കത്ത് വിവാദത്തിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസം ശക്തമാണ്.
ആദ്യഘട്ടത്തിൽ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാതെ ഒഴിഞ്ഞുമാറിയ രമ്യ ഹരിദാസ്, ഒടുവിൽ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തി അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

