'വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യുക'; സാംസ്ക്കാരിക പ്രവർത്തകർ
text_fieldsകോഴിക്കോട്: വിദ്വേഷ പ്രസ്താവനകൾ തുടർന്നുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി സാംസ്‌കാരിക പ്രവർത്തകർ. കേരളത്തിന്റെ സാമൂഹ്യ സുരക്ഷിതത്വത്തേയും മതസൗഹാർദത്തേയും തകർക്കുന്ന വെള്ളാപ്പള്ളി നടേശന്റെ വർഗീയ പ്രസ്താവനകൾക്കെതിരെ പൊലീസ് കേസെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഉടനടി നീക്കണമെന്നും സാസംസ്ക്കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ലോകത്താകമാനം സാഹോദര്യത്തിന്റെയും ജാതിമതങ്ങൾക്കതീതമായ സ്‌നേഹത്തിന്റെയും സന്ദേശം പടർത്തിയ വ്യക്തിയാണ് ശ്രീ നാരായണഗുരു. മഹാജ്ഞാനിയായ ആ മഹാഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരുന്നുകൊണ്ട് വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി കേരളത്തിന്റെ മതസൗഹാർദത്തിനും ശ്രീനാരായണ മൂല്യങ്ങൾക്കും എതിരായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
മുസ്‌ലിം ജനവിഭാഗത്തെ പൈശാചികവത്കരിച്ചുകൊണ്ടും പ്രസ്തുത ജനത്ക്ക് ഭൂരിപക്ഷമുള്ള മലപ്പുറത്തെ കുറിച്ചും വ്യാജമായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്നത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ്. കേരള നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രസിഡന്റായ വെള്ളാപ്പള്ളി നവോത്ഥാനം എന്ന പദത്തെ തന്നെ പരിഹാസ്യവും അശ്ലീലവും ആക്കിയിരിക്കുകയാണ്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വർഗീയമായ ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് സംഘപരിവാറിനു വേണ്ടി പണിയെടുക്കുന്ന വെള്ളാപ്പള്ളിയുടെ ഗൂഢ ലക്ഷ്യം കേരള ജനത തള്ളിക്കളയേണ്ടതും ശക്തമായി അപലപിക്കേണ്ടതുമാണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

