ജിഷ്ണുവിെൻറ സ്മാരക സ്തൂപം പൊളിച്ചുനീക്കി
text_fieldsതിരുവില്വാമല: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്റു കോളജ് എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയുടെ പാമ്പാടി സെൻററിലെ സ്മാരക സ്തൂപം പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി.2017 ജനുവരി അവസാനവാരത്തിലാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇവിടെ സ്തൂപം സ്ഥാപിച്ചത്. ഈ സ്ഥലത്തിന് സമീപം സ്ഥിതിചെയ്ത എ.ഐ.ടി.യു.സി ഓഫിസിലേക്കുള്ള കുടിവെള്ള പൈപ്പിെൻറ മുകളിലാണ് സ്തൂപം പണി തുടങ്ങിയത്. അപ്പോൾ തന്നെ എതിർപ്പുകളും ഉണ്ടായിരുന്നു. പരാതിയെ തുടർന്ന് പഴയന്നൂർ എസ്.ഐ സ്ഥലത്തെത്തി പണി നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ സി.പി.എമ്മിെൻറ പ്രാദേശിക നേതൃത്വത്തിെൻറ സഹായത്തോടെ എസ്.എഫ്.ഐ സ്തൂപം പണികഴിപ്പിച്ചു. എസ്.ഐ ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകിയതിെൻറ അടിസ്ഥാനത്തിൽ സ്തൂപം പൊളിച്ചുനീക്കാൻ ഉത്തരവിറങ്ങിയയെങ്കിലും പ്രാദേശിക സി.പി.എം നേതാക്കളുടെ എതിർപ്പിനെതുടർന്ന് നടന്നില്ല.എ.ഐ.ടി.യു.സി തൊഴിലാളിയായ പാമ്പാടി എരുമക്കുഴി വീട്ടിൽ കൃഷ്ണൻകുട്ടി ഹൈകോടതിയെ സമീപിച്ചു. തുടർന്ന് സ്തൂപം പൊളിക്കാൻ കോടതി ഉത്തരവിട്ടു. എന്നിട്ടും സ്തൂപം പൊളിച്ചുനീക്കാത്തതിതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. ഇതിൽ ഹൈകോടതി പൊളിച്ചുനീക്കാൻ പറഞ്ഞ അന്ത്യശാസന ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് വെള്ളിയാഴ്ച രാവിലെ പൊലീസ് കാവലിൽ സ്തൂപം പൊളിച്ച് നീക്കിയത്.
