വാഴൂർ സോമന്‍റെ ഓർമക്ക് ഒരാണ്ട്
text_fieldsവാഴൂർ: അര നൂറ്റാണ്ട് മുമ്പ് പാർട്ടി പ്രവർത്തനത്തിനായി പീരുമേട്ടിലേക്ക് കുടിയേറേണ്ടി വന്നപ്പോഴും ജന്മനാടായ വാഴൂരിനെ സ്വന്തം പേരിനൊപ്പം ചേർത്തുപിടിച്ചു വാഴൂർ സോമൻ. തന്‍റെ ഹൃദയത്തിൽ വാഴൂരിനുള്ള ഇടമാണ് ഈ പേരിനു പിന്നിലെന്ന് അദ്ദേഹം എക്കാലവും പറയാറുമുണ്ടായിരുന്നു. കുടിയേറിയ നാട്ടിലും ജനപ്രിയതയുടെ വേരുകളാഴ്ത്തി നിയമസഭയിലേക്ക് പോയ മുൻ എം.എൽ.എ വാഴൂർ സോമൻ ഓർമയായിട്ട് വെള്ളിയാഴ്ച ഒരാണ്ട്.
വാഴൂർ 17ാം മൈലുകാരനായ കെ.സി. സോമൻ വിദ്യാർഥിയായിരിക്കുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ, കോളജ് വിദ്യാഭ്യാസം ജന്മനാട്ടിൽ തന്നെയായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം എ.ഐ.എസ്.എഫിന്‍റെയും എ.ഐ.വൈ.എഫിന്‍റെയും നേതാവായിരുന്നു. 1974ൽ പാർട്ടി കോട്ടയം ജില്ലയുടെ ഭാഗമായ ഇടുക്കിയിലെ പീരുമേട് മേഖലയിലേക്ക് ട്രേഡ് യൂനിയൻ പ്രവർത്തനത്തിന് നിയോഗിച്ചു.
മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അദ്ദേഹം അനായാസം കൈകാര്യം ചെയ്തിരുന്നു. സംസ്ഥാന നേതാവും എം.എൽ.എയും ആയപ്പോഴും വാഴൂരുകാർക്ക് അദ്ദേഹം പ്രിയപ്പെട്ട സോമനായിരുന്നു. ജന്മനാട്ടിലെത്തുമ്പോൾ വലുപ്പ-ചെറുപ്പമില്ലാതെ എല്ലാവരുമായും ഇടപഴകി. എം.എൽ.എയായപ്പോഴും സി.പി.ഐ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം വാഴൂരിൽ എത്തുമായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ വാഴൂർ ഗ്രാമപഞ്ചായത്തിൽനിന്ന് വയോജനങ്ങളുടെ വിനോദയാത്ര പോയപ്പോൾ വാഴൂരുകാർ പീരുമേട്ടിൽ ഇദ്ദേഹത്തോടൊപ്പം ഏറെസമയം ചെലവഴിച്ചാണ് മടങ്ങിയത്.
നാട്ടുകാരുമായി അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ ഇഴയടുപ്പമാണ് ഇത് തെളിയിക്കുന്നത്. പതിനേഴാം മൈലിലെ കുടുംബവീട്ടിൽ ഇപ്പോൾ ജ്യേഷ്ഠ സഹോദരൻ കെ.പി. ദാസും ഭാര്യ പ്രേമയും ഇളയ മകൻ മനുദാസുമാണ് താമസിക്കുന്നത്. സരസമ്മ, രാജമ്മ, കെ.പി. ശ്യാമള, പരേതരായ ടി.കെ. കരുണാകരൻ, വാസവൻ എന്നിവരാണ് മറ്റു സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

