ബഹാഉദ്ദീൻ നദ്‌വിക്കെതിരായ പരാമർശം: സി.പി.എം നേതാവിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി
text_fieldsമടവൂർ (കോഴിക്കോട്): സമസ്ത നേതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്കെതിരെ മടവൂരിൽ സി.പി.എം നടത്തിയ പ്രകടനത്തിൽ മോശം പരാമര്‍ശം നടത്തിയ സി.പി.എം നേതാവിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. സി.പി.എം മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മഹല്ല് കമ്മിറ്റി ട്രഷററുമായ അഡ്വ. ഹക്കീം അഹമ്മദിനെയാണ് പുറത്താക്കിയത്.
തിങ്കളാഴ്ച വൈകീട്ട് പ്രസിഡന്റ് മൂത്താട്ട് അബ്ദുറഹിമാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന മഹല്ല് കമ്മിറ്റി യോഗത്തിലാണ് നടപടി. യോഗത്തിൽ വിഷയം ചർച്ചയാവുകയും കമ്മിറ്റി അംഗമായ വി.പി. ഇസ്മാഈൽ പ്രമേയം കൊണ്ടുവരുകയും എ.പി. നാസർ മാസ്റ്റർ പിന്തുണക്കുകയും ചെയ്തു. ചർച്ചക്കൊടുവിൽ യോഗം ഹക്കീം അഹമ്മദിനോട് കമ്മിറ്റിയിൽ നിന്ന് സ്വയം മാറിനിൽക്കാൻ ആവശ്യപ്പെട്ടു.
ഇത് അംഗീകരിക്കാതിരുന്നതോടെ വോട്ടിങ്ങിനിട്ടു. 19 അംഗ കമ്മിറ്റിയിൽ 12 പേർ ഹക്കീം അഹമ്മദിനെ എതിർക്കുകയും ഏഴുപേർ അനുകൂലിക്കുകയും ചെയ്തു. തുടർന്ന് കമ്മിറ്റിയിൽനിന്ന് പുറത്തുപോവുകയായിരുന്നു. ഇതേത്തുടർന്ന് ഹക്കീം അഹമ്മദിനെ അനുകൂലിക്കുന്നവർ യോഗത്തിന്റെ മിനുട്സിന്റെ പകർപ്പ് ആവശ്യപ്പെട്ട് രാത്രി വൈകിവരെ പ്രതിഷേധമുയർത്തി. തുടർന്ന് ചൊവ്വാഴ്ച രാവിലെ കുന്ദമംഗലം പൊലീസിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. സമസ്ത ഇ.കെ വിഭാഗത്തിന് സ്വാധീനമുള്ള മഹല്ല് കമ്മിറ്റിയാണ് ഇവിടെയുള്ളത്. സമവായത്തിന്റെ ഭാഗമായാണ് 19 അംഗ കമ്മിറ്റിയിൽ ഏഴ് എ.പി സമസ്ത വിഭാഗത്തിൽപ്പെട്ടവരെ കൂടി ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

