റിമാൻഡ് പ്രതി തീവ്രപരിചരണ വിഭാഗത്തിൽ; കാണാനെത്തിയ ഭാര്യയെ തടഞ്ഞു
text_fieldsഅഗളി: വിദേശമദ്യവുമായി എക്സൈസ് പിടിയിലായ ആദിവാസി യുവാവ് ഗുരുതര പരിക്കുകളോടെ തീവ്രപരിചണ വിഭാഗത്തിൽ തുടരുന്നതിനിടെ കാണാനെത്തിയ ഭാര്യയെ എക്സസൈസ് അധികൃതർ തടഞ്ഞു.
എക്സൈസുകാരുടെ മർദനത്തെ തുടർന്ന് ചെവിക്ക് സാരമായി പരിക്കേറ്റെന്ന് കുടുംബം പരാതിപ്പെട്ട കോട്ടത്തറ നായ്ക്കർപാടി സ്വദേശി എൻ. നാഗരാജനെ കാണാൻ ചെന്ന ഭാര്യ ജ്യോതിർമണിയെയാണ് സുരക്ഷചുമതലയിലുണ്ടായിരുന്ന എക്സൈസ് ജീവനക്കാരൻ തടഞ്ഞത്. ഒടുവിൽ ഡിവൈ.എസ്.പിയെ കണ്ട് പരാതിപ്പെട്ടതിനെ തുടർന്നാണ് ഭർത്താവിനെ കാണാൻ ജ്യോതിർമണിക്ക് അവസരം ലഭിച്ചത്. റിമാൻഡ് പ്രതിയായതിനാൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ സമ്മതം വേണമായിരുന്നതിനാലാണ് കാണാൻ അനുവദിക്കാതിരുന്നതെന്നാണ് ചുമതലയിലുണ്ടായിരുന്ന എക്സൈസ് ജീവനക്കാരൻ പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ സ്വകാര്യ ബസിൽനിന്ന് 20 കുപ്പി തമിഴ്നാട് വിദേശമദ്യവുമായി മട്ടത്തുക്കാട് എക്സൈസ് ഔട്ട്പോസ്റ്റിലാണ് നാഗരാജ് പിടിയിലായത്. ദേഹപരിശോധനക്കായി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ച പ്രതിയെ അവിടെനിന്ന് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ചെവിയിൽ പരിക്കേറ്റ നിലയിലായിരുന്നു ആശുപത്രിയിലെത്തിയത്. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. ശനിയാഴ്ച മണ്ണാർക്കാട് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പ്രതിയിൽനിന്ന് മൊഴിയെടുത്തു. എക്സൈസുകാർ മർദിച്ചെന്നാണ് മൊഴി നൽകിയതെന്ന് അറിയുന്നു.
എന്നാൽ, പൊലീസ് രേഖപ്പെടുത്തിയ മൊഴിയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റെന്നാണത്രേ പറയുന്നത്. എക്സൈസ് സമർദം ചെലുത്തി മൊഴി മാറ്റിയെന്നാണ് ഭാര്യയുടെ പരാതി.
നാഗരാജിന്റെ ജാമ്യത്തിനായി അടുത്ത ദിവസം കോടതിയെ സമീപിക്കുമെന്ന് ഇവരുടെ അഭിഭാഷക ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, നാഗരാജ് മദ്യത്തിനടിമയാണെന്നും ഇയാളെ പിടികൂടുന്നതിനിടെ അക്രമാസക്തനാവുകയായിരുന്നുവെന്നും എക്സെസ് അധികൃതർ അറിയിച്ചു. ഇയാൾ ലഹരിവിമുക്ത ചികിത്സക്ക് വിധേയനായി വരികയാണെന്നും അവർ പറഞ്ഞു.
ഭർത്താവിനെ മർദിച്ചു; പണവും പിടിച്ചെടുത്തു -ജ്യോതിർ മണി
പാലക്കാട്: എക്സൈസുകാർ മർദിച്ചതിനെ തുടർന്നാണ് നാഗരാജന്റെ ചെവിക്ക് സാരമായി പരിക്കേറ്റതെന്നാണ് ഭാര്യ ജോതിർമണി. ഇയാളുടെ കൈവശമുണ്ടായിരുന്ന 4500 രൂപയും എക്സൈസുകാർ വാങ്ങി. നാലുദിവസം മുമ്പ് പിടികൂടിയശേഷം ഭർത്താവിനെ കണ്ടിട്ടില്ല. ഐ.സി.യുവിലായതിനാൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. തിങ്കളാഴ്ച കാണാൻ എത്തിയപ്പോൾ ആദ്യം സമ്മതിച്ചില്ല. പിന്നീട് പാലക്കാട് ഡിവൈ.എസ്.പിയെ കണ്ടശേഷമാണ് അനുമതി നൽകിയത് -അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

