മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടരുത്; ഭൂരിപക്ഷം ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നത് ഭരണഘടനയുടെ ലംഘനം- കാതോലിക്കാ ബാവാ
text_fieldsദേവലോകം കാതോലിക്കേറ്റ് അരമനയിൽ ബാവ ദേശീയ പതാക ഉയർത്തുന്നു
കോട്ടയം : മതസ്വാതന്ത്ര്യം ഭരണഘടന നൽകുന്ന ഉറപ്പാണെന്നും എന്നാൽ അത് ധ്വംസിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നതാണ് ഭരണാഘടനാശിൽപ്പിയായ ഡോ.ബി.ആർ അംബേദ്ക്കർ പകർന്നുനൽകിയ ദർശനം. ആ ദർശനങ്ങൾക്ക് മങ്ങലേൽക്കുന്നത് ആർഷഭാരത സംസ്ക്കാരത്തിന് ഭൂഷണമല്ല.
എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ സംസ്ക്കാരം. ഭൂരിപക്ഷം ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ, പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ 110 മത് ഓർമ്മ, സ്വാതന്ത്ര്യദിനാചരണം എന്നിവയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ.മലങ്കരസഭയുടെ സ്വാതന്ത്ര്യദാതാവാണ് പരിശുദ്ധ അബ്ദേദ് മശിഹാ പാത്രിയർക്കീസ് ബാവായെന്ന് സഭാധ്യക്ഷൻ അനുസ്മരിച്ചു.
വിശുദ്ധ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, ഫാ.കുര്യൻ വർഗീസ് എന്നിവർ സഹകാർമ്മികരായി.സഭാ ആസ്ഥാനത്ത് പരിശുദ്ധ കാതോലിക്കാ ബാവാ ദേശീയ പതാക ഉയർത്തി. മധ്യസ്ഥപ്രാർത്ഥന, കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം,നേർച്ച വിളമ്പ് എന്നിവയോടെ ചടങ്ങുകൾക്ക് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

